കോഴിക്കോട്: ഒളിവിൽ കഴിയുന്നതിനിടെ അർജുൻ ആയങ്കിക്ക് സഹായം നൽകിയെന്ന കേസിൽ സഹോദരൻ അജയ് ആയങ്കി അറസ്റ്റിൽ. കണ്ണൂർ അഴീക്കൽ കൊവ്വലടി ആയങ്കി ഹൗസിൽ അജയ് ആയങ്കി (24)യെയാണ് കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
അർജുൻ ആയങ്കിക്കായി സമൂഹമാധ്യമങ്ങളിലൂടെ ക്രൗഡ് ഫണ്ടിങ് നടത്തി പണം സമാഹരിച്ചതിനാണ് അജയ് ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രൗഡ് ഫണ്ടിങ്ങിനായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ക്യുആർ കോഡ് തയ്യാറാക്കി നൽകിയത് അജയ് ആയങ്കിയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഞായറാഴ്ച പുലർച്ചെ 12.30ഓടെ ഈസ്റ്റ് നടക്കാവിലെ ഓൺലൈൻ ഡെലിവറി സ്ഥാപനത്തിന് മുന്നിൽനിന്നാണ് അജയ് ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പൊലീസ് സംവിധാനത്തെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ച് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന പ്രവർത്തനങ്ങൾക്ക് സഹായം നൽകിയെന്നാരോപിച്ചാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് നടക്കാവ് എസ്ഐ എം.പി. വിഷ്ണുരാജും സംഘവും തയ്യാറാക്കിയ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു.
അർജുൻ ആയങ്കിക്കെതിരായ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.






