കണ്ണൂർ: അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം. 23 കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി കൊടും ക്രിമിനലാണെന്ന റിപ്പോർട്ട് തയ്യാറാക്കി ജില്ലാ കളക്ടർക്ക് സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം. രണ്ട് വധശ്രമക്കേസുകൾ, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസ്, തട്ടിക്കൊണ്ടുപോകൽ കേസ് എന്നിവ ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയ കേസുകൾ അർജുനെതിരെയുണ്ട്.
2014 മുതൽ അർജുൻ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് വിവിധ കേസുകളിൽ സമർപ്പിച്ച കുറ്റപത്രങ്ങളിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. വളപട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രം അർജുനെതിരെ 12 കേസുകളാണുള്ളത്. പുതിയ കേസുകൾ ഉൾപ്പെടെ ആകെ 23 കേസുകളിൽ പ്രതിയാണ് അർജുൻ. ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻ കാപ്പ ചുമത്തുന്നതിനുള്ള റിപ്പോർട്ട് കളക്ടർക്ക് നൽകാനാണ് പൊലീസ് നീക്കം.
പുലർച്ചെ രണ്ടരയോടെ കണ്ണൂർ നഗരത്തിലെ അപ്പാർട്ട്മെന്റിൽ അഭിഭാഷകരെ കാണാനെത്തിയപ്പോഴാണ് അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓട്ടോ ഡ്രൈവർ നൽകിയ വിവരമാണ് അറസ്റ്റിലേക്ക് നയിച്ചതിൽ നിർണായകമായത്.
പൊലീസിനെ വെല്ലുവിളിച്ച് കണ്ണൂർ തളിപ്പറമ്പിലെ അപ്പാർട്ട്മെന്റിൽ ഒളിവിൽ കഴിയുകയായിരുന്നു അർജുൻ. പൊലീസ് ഒളിത്താവളം കണ്ടെത്തിയതായി സംശയിച്ചതോടെ ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടക്കാൻ ശ്രമിച്ചു. തുടർന്ന് ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് വിളിച്ച് സുഹൃത്തിനെ കാറുമായി വരുത്തി. ഈ കാറിലാണ് പിന്നീട് കണ്ണൂർ ടൗണിലെത്തിയത്.
അർജുൻ ആയങ്കി യാത്ര ചെയ്ത ഓട്ടോയുടെ ഡ്രൈവർ പൊലീസിനെ വിവരമറിയിച്ചതോടെ പൊലീസ് പിന്തുടർന്നു. പൊലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അർജുനെ പിടികൂടുകയായിരുന്നു.
കണ്ണൂരിലെ കേസുകളിലെ നടപടികൾ പൂർത്തിയാക്കിയ ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികളെന്നാണ് പൊലീസ് വൃത്തങ്ങളിൽനിന്നുള്ള വിവരം.






