കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ ഭർത്താവായ രജിൻലാലിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം. ഷോർട്ട് സർക്യൂട്ടാണ് കാരണമെങ്കിൽ കാർ ഇത്തരത്തിൽ കത്തില്ലെന്നും മനഃപൂർവം കത്തിച്ചതുപോലെയാണ് തോന്നുന്നതെന്നും മരിച്ച സോനയുടെ അമ്മാവൻ എ.കെ. സത്യൻ പ്രതികരിച്ചു. കാറിനുള്ളിൽ മാരകമായ എന്തോ വെച്ചിട്ടുണ്ടായിരുന്നു എന്നാണ് കരുതുന്നത്. എന്തുകൊണ്ടാണ് സോനയെ മുൻസീറ്റിൽ ഇരുത്താതെ പിന്നിൽ ഇരുത്തിയത്? അപകടത്തിൽ കുടുംബത്തിലുള്ളവർക്കെല്ലാം സംശയമുണ്ട്. രജിൻലാലിന്റെ നാട്ടുകാരും സമാന സംശയം ഉന്നയിച്ചെന്നും അദ്ദേഹം ആരോപിച്ചു. രജിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്ന അറിവ് മാത്രമേ തങ്ങൾക്കുള്ളൂവെന്നും സത്യൻ പറഞ്ഞു.
അപകടമുണ്ടായപ്പോൾ തോട്ടിൽ ചാടി രക്ഷപ്പെടാനാണ് രജിൻ ശ്രമിച്ചത്. പിന്നിലെ ഡോർ തുറന്നില്ല. കാറിനുള്ളിൽ മറ്റൊരാൾ ഉള്ളതായും രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരോട് പറഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിലെ സത്യാവസ്ഥ പുറത്തുവരണം. അപകടത്തിൽ രജിനെ സംശയമുണ്ടെന്നും പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകാൻ ഒരുങ്ങുകയാണെന്നും സത്യൻ വ്യക്തമാക്കി. ‘സോനയും രജിൻലാലും തമ്മിലുള്ളത് പ്രണയ വിവാഹമായിരുന്നു. രജിൻലാൽ ഗൾഫിൽ ഉള്ളപ്പോഴാണ് ഇരുവരും സാമൂഹികമാധ്യമങ്ങളിലൂടെ അടുത്തത്. വിവാഹത്തിന് ഇരുവരും തയ്യാറെടുക്കുകയും ചെയ്തു.
എന്നാൽ, ഇതിനിടെ രജിൻ മറ്റൊരു യുവതിയുമായി ബന്ധത്തിലായി. ആ യുവതിയെ വിവാഹം കഴിക്കാൻ രജിൻ തീരുമാനിച്ചു. ഇതറിഞ്ഞ സോന വടകര റെയിൽവേ സ്റ്റേഷന് സമീപമെത്തി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻവരെ ശ്രമിച്ചിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനിൽവെച്ച് നടത്തിയ മധ്യസ്ഥ ചർച്ചയിലാണ് സോനയെ വിവാഹം കഴിക്കാമെന്ന് രജിൻ ഉറപ്പ് നൽകിയത്. പക്ഷെ, വിവാഹത്തോട് ഇരുവീട്ടുകാർക്കും എതിർപ്പായിരുന്നു. എന്നാൽ, 2023-ൽ സോനയും രജിനും വിവാഹം റജിസ്റ്റർ ചെയ്യുകയായിരുന്നു’, അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ വെള്ളിയാഴ്ച രാത്രി ഒൻപതോടെയാണ് കാർ കത്തിയമർന്നത്. കോഴിക്കോട്ടെ ആശുപത്രിയിൽ പോയശേഷം തിരികെ വീട്ടിലേക്കുള്ള വഴിയിൽ ചെറുവണ്ണൂരിൽനിന്ന് കക്കറമുക്ക് റോഡിലേക്ക് കടന്ന ഉടനെ വയൽപ്രദേശത്ത് ഒതയോത്തുതാഴെ ഭാഗത്താണ് കാർ കത്തിയത്. ഇവിടെനിന്ന് രണ്ടുകിലോമീറ്റർ ദൂരമേ വീട്ടിലെത്താൻ ഉണ്ടായിരുന്നുള്ളൂ.
വയൽപ്രദേശത്തെ തോട്ടിനരികെയാണ് സംഭവം ഉണ്ടായതെന്നതിനാൽ ഓടിക്കൂടിയ നാട്ടുകാർക്ക് തീകെടുത്താൻ സഹായമായി. വലിയ സ്ഫോടനശബ്ദം കേട്ട് ഓടിയെത്തുമ്പോൾ കാർ ആളിക്കത്തുകയായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ സമീപ വീട്ടുകാർ നേരത്തേ പറഞ്ഞിരുന്നു.



















































