ഷാർജ: ഭാര്യയുമായുള്ള തർക്കത്തിനിടെ ഭാര്യയാണെന്നു തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അപരിചിതയായ അറബ് യുവതിയെ പിന്തുടർന്ന് ആക്രമിച്ചെന്ന കേസിൽ ഏഷ്യൻ യുവാവ് ഷാർജയിൽ വിചാരണ നേരിടുന്നു. അറബ് യുവതിയെ അവരുടെ മക്കളുടെ മുന്നിലിട്ടാണ് കഴുത്തിൽ കുത്തിപ്പിടിച്ചതായും അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു.
ഷാർജയിലെ കോടതിയിലാണ് ഈ വിചിത്രമായ കേസിന്റെ വാദം നടന്നത്. കുട്ടികളോടൊപ്പം തെരുവിലൂടെ നടന്നുപോകുകയായിരുന്ന യുവതിയുടെ അടുത്തേക്ക് പ്രതി ഓടിയെത്തുകയായിരുന്നു. തുടർന്ന് യുവതിക്ക് മനസിലാകാത്ത ഭാഷയിൽ ഇയാൾ സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവം രൂക്ഷമായതോടെ ഭയന്ന യുവതി സമീപത്തെ കടയ്ക്കുള്ളിൽ അഭയം തേടി. എന്നാൽ പ്രതി പിന്നാലെ കടയ്ക്കുള്ളിലെത്തുകയും അവിടെവച്ച് വീണ്ടും അധിക്ഷേപിക്കുകയും പിന്നീട് മക്കളുടെ മുന്നിൽ കഴുത്തിൽ പിടിക്കുകയുമായിരുന്നുവെന്നാണ് കോടതിയിൽ യുവതി മൊഴി നൽകിയത്.
ഈ സംഭവം കുട്ടികളെ ഭയപ്പെടുത്തുകയും മാനസികമായി വിഷമിപ്പിക്കുകയും ചെയ്തതായും യുവതി പറഞ്ഞു. അതേസമയം പ്രതിയെ നേരത്തേ കണ്ടിട്ടില്ലെന്നും ഇയാളുമായി യാതൊരു ബന്ധമോ മുൻപരിചയമോ ഇല്ലെന്നും അവർ വ്യക്തമാക്കി. എന്തുകൊണ്ടാണ് തന്നെ ലക്ഷ്യമിട്ടതെന്ന് അറിയില്ലെന്നും കോടതിയെ അറിയിച്ചു.
അതേസമയം സംഭവം പ്രതി പൂർണമായി നിഷേധിച്ചില്ലെന്നതാണ് മറ്റൊരു വസ്തുത. പകരം വ്യത്യസ്തമായ വിശദീകരണമാണ് കോടതിയിൽ നൽകിയത്. പരാതിക്കാരിയായ യുവതിക്ക് തന്റെ ഭാര്യയുമായി സാമ്യമുണ്ടായിരുന്നുവെന്നും അതിനാൽ വഴിയിൽ കണ്ടപ്പോൾ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ചെന്നുമാണ് പ്രതിയുടെ വാദം. ഭാര്യയുമായി ചില വൈവാഹിക തർക്കങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിലാണ് സംഭവമെന്നും പ്രതി പറഞ്ഞു. അതുപോലെ തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും കോടതിയെ അറിയിച്ചു.
പൊതുസ്ഥലത്ത് യുവതിയെയും മക്കളെയും അപകടത്തിലാക്കിയതും വാക്കാലും ശാരീരികമായും ആക്രമിച്ചതുമാണ് കേസിലെ പ്രധാന ആരോപണങ്ങൾ. കേസിൽ ഇതുവരെ കോടതി വിധി പുറപ്പെടുവിച്ചിട്ടില്ല. കൂടുതൽ തെളിവുകളും മൊഴികളും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ. പ്രതിയുടെ മൊഴിയും പരാതിയും പരിഗണിച്ച കോടതി കേസ് അടുത്ത വാദത്തിനായി മാറ്റി. പരാതിക്കാരിയെ അടുത്ത ഹിയറിങ്ങിൽ ഹാജരാക്കാനും കോടതി നിർദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട സാക്ഷികളെയും വിളിച്ചുവരുത്തി മൊഴിയെടുക്കും.




