ഇടുക്കി: എഴുകുംവയലിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ വിചിത്ര പ്രതികരണവുമായി പ്രതിയായ മകൻ. ‘അമ്മച്ചി ഉണ്ടോ? അമ്മച്ചി, ഞാൻ ഒന്നും ചെയ്തിട്ടില്ല. ഞാൻ പോകുമ്പോൾ ഇവിടെ ഉണ്ടായിരുന്നു’ എന്നായിരുന്നു വീട്ടിലെത്തിയപ്പോൾ പ്രതി പറഞ്ഞത്.
‘ഇത് നടക്കില്ല, ഞാൻ ഇവിടെനിന്ന് ഇറങ്ങിപ്പോകുമ്പോൾ കണ്ടതാണ്. ഇത് എനിക്ക് വെച്ച പണിയാണ്’ തുടങ്ങിയ കാര്യങ്ങളും പ്രതി ആവർത്തിച്ചെന്നാണ് വിവരം. വീട്ടിലെ സാധനങ്ങളെക്കുറിച്ചും ഇയാൾ ആശയക്കുഴപ്പത്തോടെ സംസാരിച്ചതായി പോലീസ് പറയുന്നു. ദൈവം വിളിച്ചതുകൊണ്ടാണ് അച്ഛനെയും അമ്മയെയും പറഞ്ഞയച്ചതെന്നായിരുന്നു പ്രതിയുടെ മൊഴിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ഇന്നലെ രാത്രി 9.30ഓടെയാണ് എഴുകുംവയലിനെ നടുക്കിയ സംഭവം. എഴുകുംവയൽ സ്വദേശികളായ ആന്റണിയും ഭാര്യ വത്സമ്മയുമാണ് കൊല്ലപ്പെട്ടത്. വീട്ടിൽവെച്ചാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി നേരത്തേ പരിചയമുണ്ടായിരുന്ന വികാരിയച്ചന് അയച്ചതായും പോലീസ് പറയുന്നു.
വിവരമറിഞ്ഞ് നാട്ടുകാർ വീട്ടിലെത്തുമ്പോൾ പ്രതി വീടിന് പുറത്ത് പ്രാർഥനയുമായി ഇരിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികളിൽ ഒരാൾ പറഞ്ഞത്. നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ വീട്ടിലുണ്ടായിരുന്ന ‘പിശാചുക്കളെ ഒഴിപ്പിച്ച് അവരെ സ്വർഗത്തിലേക്ക് അയച്ചുവെന്ന’ രീതിയിലുള്ള വിചിത്രമായ മറുപടിയാണ് പ്രതി നൽകിയതെന്നും പറയുന്നു.
സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ആന്റണിയുടെ അമ്മയെ പ്രതി ആക്രമിച്ചില്ലെന്നാണ് വിവരം. കൊലപാതകത്തിന് പിന്നാലെയാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രതി നേരത്തെ ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. എന്നാൽ സംഭവസമയത്തെ ഇയാളുടെ മാനസികാവസ്ഥ ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിച്ചുവരികയാണ്.
ആന്റണിയുടെയും വത്സമ്മയുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. നെടുങ്കണ്ടം പോലീസാണ് കേസ് അന്വേഷിക്കുന്നത്.




