വാഷിങ്ടൺ: മലയാളികൾക്ക് അഭിമാന നിമിഷമായി മലയാളിയായ ഡോ. അനിൽ മേനോൻ ഇന്ന് നാസയുടെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാകുന്നു. ഇന്ത്യൻ സമയം രാത്രി 8.17ന് കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് സൊയൂസ് എം.എസ്-29 ബഹിരാകാശ പേടകം വിക്ഷേപിക്കും. എട്ട് മാസം നീളുന്ന ദൗത്യത്തിന് ശേഷം അടുത്ത വർഷം ഏപ്രിലിലാണ് സംഘം ഭൂമിയിലേക്ക് മടങ്ങിയെത്തുക.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോന്റെയും യുക്രൈൻ സ്വദേശിനിയായ എലിസബത്ത് സമോയിലെങ്കോയുടേയും മകനാണ് അനിൽ മേനോൻ. ഡോക്ടർ, മെക്കാനിക്കൽ എൻജിനീയർ, യു.എസ്. സ്പേസ് ഫോഴ്‌സ് പൈലറ്റ് എന്നീ നിലകളിൽ മികവ് തെളിയിച്ച അദ്ദേഹം ഇപ്പോൾ നാസയുടെ ഏറ്റവും പ്രധാനപ്പെട്ട ബഹിരാകാശ ദൗത്യങ്ങളിലൊന്നിലേക്കാണ് യാത്രതിരിക്കുന്നത്.
അനിൽ മേനോനൊപ്പം റഷ്യൻ ബഹിരാകാശ യാത്രികനായ പ്യോട്ടർ ഡുബ്രോവും നാസാ ബഹിരാകാശ യാത്രികയായ അന്ന മക്ലെയിനും ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ശാസ്ത്രീയ പരീക്ഷണങ്ങളും ബഹിരാകാശ യാത്രകൾ മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട മെഡിക്കൽ ഗവേഷണങ്ങളുമാണ് സംഘം പ്രധാനമായും നടത്തുക.
വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ ദൗത്യത്തിന് തയ്യാറാണെന്ന് അനിൽ മേനോൻ അറിയിച്ചു. ഏറെ ആവേശകരമായ നിമിഷമാണിതെന്നും, ഈ അവസരത്തിനായി നാസയ്ക്കും കുടുംബത്തിനും സുഹൃത്തുകൾക്കും നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു.
മലയാളി വംശജനായ അനിൽ മേനോന്റെ ഈ ബഹിരാകാശ യാത്ര രാജ്യത്തിനും കേരളത്തിനും അഭിമാന നിമിഷമായാണ് വിലയിരുത്തപ്പെടുന്നത്.


















































