കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ യുവാവ് ഹോട്ടൽ അടിച്ച് തകർത്തു. തേവിലക്കര സ്വദേശി അജ്മൽ ആണ് മന്തി മൻസിൽ അടിച്ചുതകർത്തത്. അക്രമാസക്തനായ യുവാവിനെ നാട്ടുകാരും പോലീസും ചേർന്നാണ് കീഴ്‌പ്പെടുത്തിയത്. ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും പരുക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ കരുനാഗപ്പള്ളി പോലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ തവണ കഴിച്ചപ്പോൾ മന്തിയുടെ അളവ് കുറഞ്ഞ് പോയതാണ് പ്രകോപന കാരണമെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. അതേസമയം ഇയാൾ ലഹരിയിലായിരുന്നോ, അതല്ലെങ്കിൽ മറ്റൊന്തെങ്കിലും പൂർവവൈരാഗ്യമോ ആണോ അക്രമത്തിനു പിന്നിലുള്ളതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്നലെ രാത്രിയായിരുന്നു യുവാവിന്റെ പരാക്രമം. യാതൊരു പ്രകോപനവുമില്ലാതെ യുവാവ് ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തുടർന്ന് നാട്ടുകാർ ഉൾപ്പടെ ഇടപെട്ട് ഇയാളെ പിടിച്ചുവെക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം ഹോട്ടിലിന്റെ ചില്ലുകളും ക്യാഷ് കൗണ്ടറും പൂർണമായി അടിച്ചു തകർത്തു.


















































