സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ രാജേഷ്ഭായ് കുഞ്ചാദിയ എന്ന യുവാവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് മൂന്ന് സുഹൃത്തുക്കളെ പോലീസ് അറസ്റ്റുചെയ്തു. താൻ വിശ്വസിച്ചിരുന്ന മൂന്ന് സുഹൃത്തുക്കൾ തന്നെ ചതിച്ചതായും കടം നൽകിയ പണം തിരികെ തരാതെ തന്നെ ഭീഷണിപ്പെടുത്തിയതായും മരണപ്പെടുന്നതിന് മുൻപ് എഴുതിയ കുറിപ്പിൽ രാജേഷ്ഭായ് വെളിപ്പെടുത്തിയിരുന്നു. രാജേഷിന്റെ ഭാര്യയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഇയാളുടെ മൂന്ന് സുഹൃത്തുക്കളെ അറസ്റ്റു ചെയ്യുകയായിരുന്നു. ജുനഗഢിലെ വിസാവദാർ സ്വദേശിയായ രാജേഷ്ഭായ്, ഭാര്യ ഭവികയ്ക്കും രണ്ട് മക്കൾക്കുമൊപ്പം സൂറത്തിലെ സർത്ഥാന മേഖലയിലായിരുന്നു താമസം. ടെക്‌സ്‌റ്റൈൽ ബിസിനസ്സിലെ മാന്ദ്യത്തെത്തുടർന്ന് അദ്ദേഹം തന്റെ എംബ്രോയ്ഡറി മെഷീനുകൾ വിറ്റിരുന്നു. ആ തുകയിൽനിന്ന് ഏകദേശം 14 ലക്ഷം രൂപ സുഹൃത്ത് ഘൻശ്യാം അഹിറിന് അദ്ദേഹം കടം നൽകി സഹായിച്ചിരുന്നു. കാനഡയിലേക്ക് പോകുന്നതിനാണ് എന്നുപറഞ്ഞാണ് ഘൻശ്യാം രാജേഷിൽനിന്ന് പണം വാങ്ങിയത്. ഒരു മാസത്തിനുശേഷം രാജേഷ് ഈ പണം തിരികെ ചോദിച്ചതോടെയാണ് അയാളുടെ കഷ്ടകാലം ആരംഭിച്ചതെന്ന് പോലീസ് പറയുന്നു.
പണം തിരികെ നൽകുന്നതിന് പകരം, ആറ് ബാങ്കുകളിലായി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ ഘൻശ്യാം രാജേഷിനെ പ്രേരിപ്പിച്ചു. ഇവ സൈബർ തട്ടിപ്പിന് ഉപയോഗിക്കുന്ന ‘മ്യൂൾ അക്കൗണ്ടുകൾ’ (mule accounts) ആണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. പിന്നാലെ, തനിക്ക് പോലീസിൽ ബന്ധങ്ങളുണ്ടെന്നും സൈബർ കുറ്റകൃത്യങ്ങളിൽ കുടുക്കുമെന്നും എന്നുപറഞ്ഞ് ഘൻശ്യാം രാജേഷിനെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് താൻ കെണിയിൽ അകപ്പെട്ടുവെന്ന് രാജേഷ്ഭായിക്ക് മനസിലായത്. ഇതോടെ അദ്ദേഹം വല്ലാതെ ഭയന്നു. പ്രശ്‌നങ്ങൾ അവിടംകൊണ്ടും തീർന്നില്ല. മറ്റൊരു സുഹൃത്തായ നിക്ഷിത് എന്ന റിക്കിക്ക് 2 ലക്ഷം രൂപയും ദാധി അഹിർ എന്ന സുഹൃത്തിന് 1.32 ലക്ഷം രൂപയും രാജേഷ് കടം നൽകിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഇരുവരും പണം തിരികെ നൽകുന്നത് പല കാരണങ്ങളും പറഞ്ഞ് വൈകിപ്പിച്ചുകൊണ്ടേയിരുന്നു. താൻ പണം ആവശ്യപ്പെടുമ്പോഴെല്ലാം റിക്കി തന്നെ പരിഹസിക്കാറുണ്ടായിരുന്നുവെന്ന് രാജേഷ്ഭായ് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘നിന്റെ കൈയിൽ പണമില്ലെങ്കിൽ പിന്നെ പോയി ചാവ്’ എന്ന് റിക്കി എപ്പോഴും കളിയാക്കിയിരുന്നതായും താൻ കടം വാങ്ങിയ പണം ആർക്കും തിരികെ നൽകാറില്ലെന്ന് അവകാശപ്പെട്ടതായും രാജേഷ് കുറിപ്പിൽ പറയുന്നു. ജൂലൈ 30-നാണ് രാജേഷ്ഭായ് മൂന്ന് സുഹൃത്തുക്കളുടേയും പേരുകളും അവരുമായുള്ള ഇടപാടുകളും വ്യക്തമാക്കി വിശദമായ ആത്മഹത്യാക്കുറിപ്പ് എഴുതിയത്. ഘൻശ്യാമിന്റെ നിർബന്ധപ്രകാരം തുടങ്ങിയ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും ഇടപാടുകളെക്കുറിച്ച് ചോദിച്ചപ്പോൾ ഉണ്ടായ ഭീഷണികളെക്കുറിച്ചും അദ്ദേഹം അതിൽ വിവരിച്ചിട്ടുണ്ട്. പണം തിരികെ നൽകാൻ ഘൻശ്യാമും റിക്കിയും അഹിറും വിസമ്മതിച്ചതും അവരുടെ കുറ്റപ്പെടുത്തലുകളും കളിയാക്കലുകളുമാണ് തന്നെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും ആവരാണ് തന്റെ മുന്നിൽ മറ്റ് വഴികളില്ലാതാക്കിയതെന്നും രാജേഷ് കുറിപ്പിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.
കുറിപ്പെഴുതിയ ശേഷം രാജേഷ്ഭായ് തന്റെ മകളെയുംകൊണ്ട് പുറത്തു കൊണ്ടുപോയി. പിന്നീട് തന്റെ ഇരുചക്രവാഹനത്തിൽ അവളെ വീട്ടിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. രാജേഷ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ അയാളുടെ വായയിൽനിന്ന് വിഷപദാർത്ഥത്തിന്റെ രൂക്ഷമായ ഗന്ധം വരുന്നത് ഭാര്യ ശ്രദ്ധിച്ചു, അവർ കാര്യം തിരക്കുമ്പോഴേക്കും രാജേഷ് ഛർദ്ദിച്ചു. തൊട്ടുപിന്നാലെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. പിന്നാലെ, ജൂലായ് 31-ന് രാജേഷിന്റെ ഭാര്യ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ആത്മഹത്യാക്കുറിപ്പും മറ്റ് തെളിവുകളും കണ്ടെടുത്തു. ഒടുവിൽ ഓഗസ്റ്റ് രണ്ടിന്, സൗഹൃദ ദിനത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പോലീസ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. സാമ്പത്തിക തട്ടിപ്പിന്റെയും ഭീഷണികളുടെയും സത്യാവസ്ഥ കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.


















































