ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി. സ്ഥാനാർഥികളെ സംബന്ധിച്ച് പരാതികളുണ്ടെങ്കിലും പാർട്ടിക്കാർ വോട്ട് മാറ്റി ചെയ്യുന്നത് ശരിയാണോയെന്ന് എം.എ. ബേബി ചോദിച്ചു. സ്ഥാനാർഥി ആരായാലും സി.പി.എമ്മിന് തന്നെ വോട്ട് ചെയ്യണമെന്നാണ് പാർട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏത് സാഹചര്യത്തിലായാലും പാർട്ടിക്കെതിരെ നിലകൊള്ളുന്നത് തെറ്റാണെന്ന് അണികൾ മനസ്സിലാക്കണമെന്നും എം.എ. ബേബി പറഞ്ഞു. സ്ഥാനാർഥികളെക്കുറിച്ചുള്ള പരാതികൾ പാർട്ടിക്കുള്ളിൽ മാത്രമാണ് ഉന്നയിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ സി.പി.എം. തിരുത്തലുകളുടെ ഘട്ടത്തിലാണെന്നും പാർട്ടി ഇപ്പോൾ ‘ആന്തരിക ചികിത്സ’യിലാണെന്നും എം.എ. ബേബി പറഞ്ഞു. ആവശ്യമായ ഘട്ടങ്ങളിൽ ‘ചവിട്ടിപ്പിഴിയൽ’ വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി പ്രവർത്തകർക്ക് തെറ്റുപറ്റിയെന്ന പിണറായി വിജയന്റെ നിലപാടിനെയും എം.എ. ബേബി പിന്തുണച്ചു. അത്തരത്തിലുള്ള സാഹചര്യമുണ്ടാകാൻ പാർട്ടിയുടെ നിലപാടുകൾ കാരണമായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനുള്ള ഇടപെടലുകൾ ശക്തമാക്കാനാണ് തീരുമാനം.
പാർട്ടിയുടെ എല്ലാ തലങ്ങളിലും കൂട്ടായ പ്രവർത്തനം ഉറപ്പാക്കണമെന്നത് പോളിറ്റ് ബ്യൂറോ ചർച്ച ചെയ്തിട്ടുണ്ടെന്നും എം.എ. ബേബി വ്യക്തമാക്കി. ജനങ്ങൾ പാർട്ടിയെ വിമർശിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ജനങ്ങൾ തെറ്റിദ്ധരിക്കാൻ ഇടയാക്കിയ ചില കാര്യങ്ങൾ പാർട്ടിയിലും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.
അതേസമയം, നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ മാധ്യമങ്ങൾ സൃഷ്ടിച്ച അജൻഡയാണെന്നും എം.എ. ബേബി പറഞ്ഞു. കേരളത്തിലെ പാർട്ടിയിൽ തിരുത്തലുകൾ ഉണ്ടാകുമെന്നും അത് തുടർച്ചയായ പ്രക്രിയയാണെന്നും അദ്ദേഹം വ്യക്തമാക്കി.






