തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎൽഎയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരായ പാളയം പ്രദീപിനെയും എസ്.സജാദിനെയും പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ഗുരുതരമായ സംഘടനാപരമായ അച്ചടക്കലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇരുവരെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സസ്‌പെൻഡ് ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയുമുണ്ടായത്. രാവിലെ നടന്ന ബ്ലോക്കുതല യോഗത്തിനു പിന്നാലെയായിരുന്നു സംഭവം. പരുക്കേറ്റ രമ്യ ഹരിദാസ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. എംഎൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത ഔദ്യോഗിക യോഗത്തിൽ എംഎൽഎയുടെ പിഎ ആയി പ്രവർത്തിക്കുന്ന പാളയം പ്രദീപ് പങ്കെടുത്തതാണ് തുടക്കം. പ്രദീപ് യോഗത്തിൽ ചില കരാറുകാർക്ക് നിർദേശങ്ങൾ നൽകിയിരുന്നു. പ്രദീപ് യോഗത്തിൽ പങ്കെടുത്തതിനെതിരെ പ്രാദേശിക തലത്തിൽ വിമർശനം ഉയർന്നു. യോഗത്തിൽ പ്രദീപ് പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ എംഎൽഎ തന്നെ പിന്നീട് വാട്സാപ് ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാവായ സജാദ് ഗ്രൂപ്പിൽ സന്ദേശമയച്ചു.
പിന്നാലെ രാത്രി 9.30ന് രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും സജാദിന്റെ കോളജ് വിദ്യാർഥിനിയായ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങൾ വായിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് മറുഭാഗത്തിന്റെ ആക്ഷേപം. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്‌സാപ് ഗ്രൂപ്പ് അഡ്മിനുമായ സജിത് മുട്ടമ്പലം അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ഇതോടെയാണ് തര്‍ക്കം കയ്യാങ്കളിയിലേക്കു നീങ്ങിയത്. അതേസമയം, എംഎല്‍എയും സംഘവും വീട്ടിലെത്തിയ ശേഷം മകളെയും ഭാര്യയേയും ഭീഷണിപ്പെടുത്തിയെന്നു സജാദ് പറയുന്നു. സംഭവത്തെത്തുടർന്ന് രമ്യ ഹരിദാസും സജാദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. രമ്യ ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകുകയും ചെയ്തു.






