ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കടലിലേക്കും വ്യാപിക്കുന്നു. വ്യോമാക്രമണങ്ങൾക്കുപിന്നാലെ പരസ്പരം കപ്പലുകൾ ലക്ഷ്യമാക്കി ഇരുരാജ്യങ്ങളും ആക്രമണം ശക്തമാക്കി. 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടതായാണ് ഇരുരാജ്യങ്ങളുടെയും അവകാശവാദം. ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ അമേരിക്ക തകർത്തപ്പോൾ, മറുപടിയായി അമേരിക്കയുമായി ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു.
രണ്ട് അമേരിക്കൻ നാവികസേനാ കപ്പലുകൾക്ക് നേരെ ഇറാന്റെ ഐ.ആർ.ജി.സി. ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് അമേരിക്ക മൂന്ന് ഇറാനിയൻ എണ്ണക്കപ്പലുകൾ ആക്രമിച്ചത്. ഖാർഗ് ദ്വീപിന് സമീപത്തെ എം/ടി ഡൗണിയും ജാസ്കിന് സമീപത്തെ എം/ടി സ്റ്റാർക് 1-ഉം അമേരിക്കൻ സേന പ്രവർത്തനരഹിതമാക്കിയതായി യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു. ഒമാൻ ഉൾക്കടലിലുണ്ടായിരുന്ന ഒഴിഞ്ഞ എണ്ണക്കപ്പൽ എം/ടി കീലോ പൂർണമായും തകർത്തതായും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
അമേരിക്കൻ ആക്രമണത്തിന് മുമ്പ് കപ്പൽ ജീവനക്കാരോട് കപ്പലുകൾ ഉപേക്ഷിച്ച് കടലിലേക്ക് മാറാൻ മുന്നറിയിപ്പ് നൽകിയിരുന്നതായും യു.എസ്. അറിയിച്ചു. ആക്രമിക്കപ്പെട്ട മൂന്ന് കപ്പലുകളും ഐ.ആർ.ജി.സിക്ക് ധനസഹായം നൽകുന്ന എണ്ണ ശൃംഖലയുടെ ഭാഗമാണെന്നാണ് അമേരിക്കയുടെ ആരോപണം.
ഇതിന് പിന്നാലെ അമേരിക്കയുടെ ഒരു വിമാനവാഹിനിക്കപ്പലിനെയും ഒരു ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയറിനെയും ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ ഐ.ആർ.ജി.സി. അവകാശപ്പെട്ടു. കപ്പലുകൾ ആക്രമണത്തിൽനിന്ന് ഒഴിഞ്ഞുമാറിയതായി അമേരിക്ക സ്ഥിരീകരിച്ചെങ്കിലും അമേരിക്കൻ സൈനികർക്ക് പരിക്കേറ്റിട്ടില്ലെന്ന് വ്യക്തമാക്കി. എന്നാൽ തങ്ങളുടെ ആക്രമണത്തിൽ ഇരു കപ്പലുകൾക്കും കേടുപാടുകൾ സംഭവിച്ചെന്നും അവ സംഘർഷമേഖലയിൽനിന്ന് പിന്മാറിയെന്നും ഇറാൻ അവകാശപ്പെട്ടു. ഈ അവകാശവാദങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
ഇതിന് പുറമെ അമേരിക്കയുമായി ബന്ധമുള്ള മറ്റ് കപ്പലുകൾക്കും നേരെ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെടുന്നു. ഒമാൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിനോടുചേർന്ന പ്രദേശങ്ങളിലുമാണ് ഏറ്റുമുട്ടലുകൾ നടന്നത്. ഒരു ആളില്ലാ അമേരിക്കൻ സൈനിക ബോട്ടും തകർത്തതായി ഇറാൻ അവകാശപ്പെട്ടിട്ടുണ്ട്.
സംഘർഷം കടൽഗതാഗതത്തിലേക്ക് വ്യാപിക്കുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളും ജീവനക്കാരും നേരിട്ട് അപകടഭീഷണിയിലാണ്. ഇറാൻ ആക്രമിക്കുന്ന ഓരോ കപ്പലിനും പകരമായി കൂടുതൽ കപ്പലുകൾക്ക് തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പും അമേരിക്ക നൽകിയിട്ടുണ്ട്. യു.എസ്. സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ, ആവശ്യമായിവന്നാൽ ഇറാന്റെ പരിമിതവും തുറന്നുകിടക്കുന്നതുമായ എണ്ണക്കപ്പൽ വ്യൂഹത്തിനെതിരെ കൂടുതൽ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.






