മലപ്പുറം: വിൽപനയ്ക്കായി വീട്ടിൽ രഹസ്യ അറയിൽ സൂക്ഷിച്ച 730 ഗ്രാം കഞ്ചാവുമായി 65കാരൻ അറസ്റ്റിൽ. മമ്പാട് പുളിക്കലോടി സ്വദേശി പള്ളിക്കണ്ടി മുഹമ്മദ് കുട്ടി എന്ന ചെമ്പൻ നാണിയെയാണ് നിലമ്പൂർ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.
നിലമ്പൂർ ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാവിലെ 11 മണിയോടെ മമ്പാട് പുളിക്കലോടിയിലെ മുഹമ്മദ് കുട്ടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. അടുക്കളയിലെ ഫ്രിഡ്ജിന് താഴെ തറയിൽ രഹസ്യ അറ നിർമ്മിച്ച് അതിന് മുകളിൽ ടൈൽസ് പാകിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
പരിശോധനയ്ക്കിടെ സംശയം തോന്നിയ പൊലീസ് ടൈൽസ് ഇളക്കി പരിശോധിച്ചപ്പോഴാണ് രഹസ്യ അറ കണ്ടെത്തിയത്. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ മുഹമ്മദ് കുട്ടിക്കെതിരെ നേരത്തെ കാപ്പ ചുമത്തി ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്കുകാലാവധി കഴിഞ്ഞ് നാട്ടിലെത്തിയ ഇയാൾ വീണ്ടും കഞ്ചാവ് വിൽപന നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കുൾപ്പെടെ കഞ്ചാവ് കൈമാറിയിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.
മുഹമ്മദ് കുട്ടിയിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഏകദേശം കാൽലക്ഷം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ ബി.എസ്. ബിനു, സീനിയർ സി.പി.ഒ ലിജു ജോർജ്, സി.പി.ഒമാരായ അജീഷ്, പി.വി. സുനിൽ, ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.















































