ചെറുതുരുത്തി: ചെറുതുരുത്തിയിൽ ലോഡ്ജിൽ 56 കാരിയായ സ്ത്രീയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മലപ്പുറം ചേറൂർ കണ്ണമംഗലത്ത് താമസിക്കുന്ന നൃത്താധ്യാപിക ധനലക്ഷ്മിആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു മുറിയെടുത്തു കൂടെ താമസിച്ചിരുന്ന മലപ്പുറം ചേനംകുളങ്ങാട്ടിൽ വീട്ടിൽ വിബീഷ് (41) പിടിയിലായി.
ചൊവ്വ വൈകിട്ടാണ് ഇരുവരും ചെറുതുരുത്തിയിലെ ലോഡ്ജിൽ മുറിയെടുത്തത്. സംഭവത്തിനു ശേഷം യുവാവ് മലപ്പുറം തേഞ്ഞിപ്പലം സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. വിവാഹിതയായ ധനലക്ഷ്മിയും അവിവാഹിതനായ വിബീഷും ഏറെനാളായി ഇഷ്ടത്തിലാണ്. ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ധനലക്ഷ്മി നിർബന്ധിച്ചതാണു കൊലപാതകത്തിനു കാരണമെന്നു പ്രതി പോലീസിനു മൊഴി നൽകി.
കുന്നംകുളം എസിപി മുരളീധരൻ, ചെറുതുരുത്തി ഇൻസ്‌പെക്ടർ രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം വൈകിട്ട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പ്രതിയെ രാത്രിയോടെ ചെറുതുരുത്തിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.


















































