ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാക്കിസ്ഥാൻ വെടിനിർത്തൽ ആവശ്യപ്പെട്ടപ്പോൾ ഇന്ത്യ മനപൂർവം പ്രതികരണം വൈകിച്ചതായി മുൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാന്റെ വെളിപ്പെടുത്തൽ. ദി പ്രിന്റിന്റെ “ഓഫ് ദ കഫ്” പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ നിർണായക വിവരങ്ങൾ പങ്കുവെച്ചത്. ഇന്ത്യയുടെ സൈനിക ലക്ഷ്യങ്ങൾ പൂർണമായി കൈവരിച്ച ശേഷമേ യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാടായിരുന്നു തങ്ങൾക്കെന്നും ന്യൂഡൽഹി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
2025 മേയ് 10-ന് രാവിലെ ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് (DGMO) ഹോട്ട്‌ലൈനിലൂടെ പാക്കിസ്ഥാൻ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ടതായി ജനറൽ ചൗഹാൻ പറഞ്ഞു. എന്നാൽ ഇന്ത്യ ഉടൻ പ്രതികരിച്ചില്ല. കാരണം, ഇന്ത്യ തയ്യാറാക്കിയിരുന്ന സൈനിക ആക്രമണ പദ്ധതികളുടെ വലിയൊരു ഭാഗം ഇനിയും നടപ്പിലാക്കാനുണ്ടായിരുന്നു. രാവിലെ 9.30-ന് തന്നെ വെടിനിർത്തൽ അംഗീകരിക്കാതിരുന്നത് വിജയത്തെ കൂടുതൽ നിർണായകമാക്കാനാണെന്ന് അദ്ദേഹം വിശദീകരിച്ചു. മേയ് 9-ന് ശക്തമായ യുദ്ധഭീഷണികളുമായി എത്തിയ പാക്കിസ്ഥാൻ, അടുത്ത ദിവസം തന്നെ ചർച്ചയ്ക്ക് മുന്നോട്ടുവന്നത് തന്നെ അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെറും എട്ട് മണിക്കൂറിനുള്ളിൽ തന്നെ അവർ സന്ധിക്കായി ബന്ധപ്പെടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്കിസ്ഥാന്റെ അഭ്യർത്ഥനയ്ക്കു ശേഷവും ഇന്ത്യ സൈനിക നടപടി തുടർന്നു. മേയ് 9ന് രാത്രി മുതൽ 10ന് ഉച്ചവരെ പാക്കിസ്ഥാനിലെ 11 സൈനിക കേന്ദ്രങ്ങളും എയർബേസുകളും ഇന്ത്യ ലക്ഷ്യമിട്ടു. വിമാന ഹാംഗറുകൾ, റഡാർ സംവിധാനങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവ ഉൾപ്പെടുന്ന സൈനിക അടിസ്ഥാന സൗകര്യങ്ങൾ കൃത്യതയോടെ ആക്രമിക്കപ്പെട്ടു. ഇന്ത്യയുടെ സായുധ സേനയുടെ ശേഷിയും കൃത്യതയും ലോകത്തിനു മുന്നിൽ തെളിയിക്കുന്നതിനായാണ് ഈ നീക്കങ്ങൾ മുൻകൂട്ടി പദ്ധതിയിട്ടതെന്നും ജനറൽ ചൗഹാൻ പറഞ്ഞു. പാക്കിസ്ഥാനിലെ ഒരു സൈനിക കേന്ദ്രവും ഇന്ത്യയുടെ പ്രവർത്തന പരിധിക്ക് (റഡാറിന്) പുറത്തല്ലെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാൻ വെടിനിർത്തൽ ആവശ്യപ്പെട്ടതിന്റെ പിന്നിലെ കാരണങ്ങളും ജനറൽ ചൗഹാൻ വിശദീകരിച്ചു. സ്വന്തം ആക്രമണങ്ങൾ വഴി ആവശ്യമായ പ്രഭാവം സൃഷ്ടിച്ചതായി അവർ കരുതിയതോടൊപ്പം, ഇന്ത്യയുടെ ശക്തമായ വ്യോമാക്രമണങ്ങൾ ഉണ്ടാക്കിയ നാശനഷ്ടങ്ങളും അവർ വിലയിരുത്തിയിരുന്നു. സംഘർഷം തുടരുകയാണെങ്കിൽ കൂടുതൽ വേഗത്തിൽ കൂടുതൽ നഷ്ടം നേരിടേണ്ടി വരുമെന്ന് പാക്കിസ്ഥാൻ തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. അതിനാലാണ് ഇന്ത്യൻ സൈനിക നടപടികൾ തുടരുന്നതിനിടയിൽ തന്നെ അവർ DGMO ഹോട്ട്‌ലൈനിലൂടെ ബന്ധപ്പെടാൻ നിർബന്ധിതരായത്.
ഇന്ത്യൻ ആക്രമണങ്ങൾ പാക്കിസ്ഥാനിലെ പ്രധാന സൈനിക കേന്ദ്രങ്ങളിൽ ഗണ്യമായ നാശനഷ്ടമുണ്ടാക്കിയതായും അദ്ദേഹം അവകാശപ്പെട്ടു. റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസ്, റഹീം യാർ ഖാൻ, ഭോളാരി എന്നിവിടങ്ങൾ ഉൾപ്പെടെ നിരവധി കേന്ദ്രങ്ങൾ ഇപ്പോഴും പുനർനിർമാണ പ്രവർത്തനങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. ഈ ആക്രമണങ്ങൾ ഇന്ത്യയുടെ സൈനിക ശക്തി തെളിയിക്കുന്നതോടൊപ്പം തന്ത്രപരമായ ശക്തമായ മുന്നറിയിപ്പും നൽകിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം 2025 മേയ് 7-ന് പഹൽഗാം ഭീകരാക്രമണത്തിൽ 25 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-ത്വയ്ബ എന്നിവയുമായി ബന്ധപ്പെട്ട ഒൻപത് ഭീകര ക്യാമ്പുകൾ ഇന്ത്യ കൃത്യതയോടെ ലക്ഷ്യമിട്ടു. തുടർന്ന് പാക്കിസ്ഥാൻ ജമ്മു-കാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ അതിർത്തികളിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ആരംഭിച്ചു. ഇന്ത്യൻ എയർ ഡിഫൻസ് സംവിധാനങ്ങൾ ഭൂരിഭാഗം ആക്രമണങ്ങളും തകർത്തു. പിന്നീട് ഇന്ത്യ പ്രതികാര നടപടി വ്യാപിപ്പിച്ച് പാക്കിസ്ഥാനിലെ നിരവധി സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ശക്തമായ ആക്രമണങ്ങൾ തുടരുകയും ചെയ്തു.















































