ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റനും മുൻ അവാമി ലീഗ് എംപിയുമായ ഷാകിബ് അൽ ഹസന്റെ വീടിനു നേരെ പെട്രോൾ ബോംബ് ആക്രമണം. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോടൊപ്പം അദ്ദേഹം വിർച്വൽ ആയി പങ്കെടുത്ത പ്രസ് കോൺഫറൻസിന് മണിക്കൂറുകൾക്കുശേഷമായിരുന്നു സംഭവം. മഗുര പട്ടണത്തിലെ കേശബ്മോർ പ്രദേശത്തുള്ള വീട്ടിൽ ഇന്നലെ രാത്രി ഏകദേശം 8.45ഓടെ ആണ് ആക്രമണം നടന്നത്. വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞതോടൊപ്പം വസ്തുവകകളും തല്ലിത്തകർത്തതായി റിപ്പോർട്ടുണ്ട്.
ന്യൂഡൽഹിയിലെ ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച പ്രസ് കോൺഫറൻസിൽ ഷെയ്ഖ് ഹസീന വിർച്വൽ ആയി പങ്കെടുത്തതിനു പിന്നാലെയാണ് സംഭവം ഉണ്ടായത്. ഈ ആക്രമണത്തെ അവാമി ലീഗ് ശക്തമായി അപലപിച്ചു. പ്രസ് കോൺഫറൻസിൽ പങ്കെടുത്തതിന് പിന്നാലെ നേതാക്കളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളാണ് ഇതെന്നും, രാജ്യത്ത് നവ ഫാസിസം ശക്തിപ്പെടുകയാണെന്നും പാർട്ടി പ്രസ്താവനയിൽ ആരോപിച്ചു.
പ്രസ് കോൺഫറൻസിന് മുമ്പ് തന്നെ ബിഎൻപി, ജമാഅത്ത്, എൻസിപി തുടങ്ങിയ സംഘടനകൾ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അവാമി ലീഗ് ആരോപിച്ചു. ജനാധിപത്യത്തിന്റെ പേരിൽ പാർട്ടി പ്രവർത്തകരെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളുടെ ഭാഗമാണ് ഇതെന്നും അവർ വ്യക്തമാക്കി.
ഇതിനിടെ, വിർച്വൽ പ്രസംഗത്തിൽ ഷെയ്ഖ് ഹസീന ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചു. അറസ്റ്റ് ചെയ്യുകയോ കൊല്ലുകയോ ചെയ്താലും നാട്ടിലേക്ക് തിരികെ പോകാൻ താൻ തയ്യാറാണെന്ന് അവർ പറഞ്ഞു. “എന്റെ മടങ്ങിവരവ് അധികാരത്തിനല്ല, രാജ്യത്തെ വികസനത്തിന്റെയും മതനിരപേക്ഷതയുടെയും പാതയിലേക്ക് തിരികെ കൊണ്ടുവരാനാണ്,” ഹസീന പറഞ്ഞു.
2024 ഓഗസ്റ്റ് 5ന് സർക്കാർ തകർന്നതിനെ തുടർന്ന് ധാക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ഒഴിഞ്ഞ ഹസീന അതിനുശേഷം ഇന്ത്യയിലാണ് താമസം. 2024 ലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കെതിരെ നടത്തിയ നടപടികളുമായി ബന്ധപ്പെട്ട് ‘മനുഷ്യാവകാശ ലംഘന’ കേസിൽ കഴിഞ്ഞ നവംബറിൽ ധാക്കയിലെ പ്രത്യേക ട്രൈബ്യൂണൽ ഹസീനയ്ക്ക് അഭാവത്തിൽ വധശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ അവരെ ഇന്ത്യയിൽ നിന്ന് കൈമാറണമെന്ന് ബംഗ്ലാദേശ് ആവർത്തിച്ച് ആവശ്യപ്പെട്ടുവരുന്നു.
രാജ്യത്ത് ഭയം വീടുകളിലേക്കും ജോലി സ്ഥലങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണെന്നും, ഇത് തങ്ങൾ നിർമ്മിച്ച ബംഗ്ലാദേശല്ലെന്നും ഹസീന പറഞ്ഞു. ജനാധിപത്യത്തിനും നീതിക്കും വേണ്ടി പോരാടുന്ന ബംഗ്ലാദേശ് ജനതയെ പിന്തുണക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അവർ അഭ്യർത്ഥിച്ചു.
പ്രക്ഷോഭങ്ങൾ ആസൂത്രിതമായി അക്രമ രാഷ്ട്രീയ പ്രചരണമായി മാറ്റിയതാണെന്നും ഹസീന ആരോപിച്ചു. “ഞാൻ രാജ്യത്ത് നിന്ന് അകറ്റപ്പെട്ടാലും എന്റെ ജനങ്ങളിൽ നിന്ന് ഒരിക്കലും അകന്നിട്ടില്ല,” അവർ കൂട്ടിച്ചേർത്തു. ഹസീനയോടൊപ്പം മകൻ സജീബ് വാജിദ് ജോയും മുൻ വിദ്യാഭ്യാസമന്ത്രി മൊഹിബുൽ ഹസൻ ചൗധരി നവ്ഫൽ ഉൾപ്പെടെ അവാമി ലീഗ് നേതാക്കളും വിർച്വൽ ആയി പ്രസ് കോൺഫറൻസിൽ പങ്കെടുത്തു. ഇന്ത്യയിൽ നിന്ന് ഹസീന നടത്തിയ ഈ പ്രസ് കോൺഫറൻസ് ഇതിനകം തന്നെ നയതന്ത്ര വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. പരിപാടിയെക്കുറിച്ച് ന്യൂഡൽഹിയോട് വിശദീകരണം ആവശ്യപ്പെട്ടതായി ബംഗ്ലാദേശ് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.


















































