പത്തനംതിട്ട: കഴിഞ്ഞ രണ്ടുമാസം റാന്നി സ്വദേശിനി സൂര്യയ്ക്ക് തീര കണ്ണീരിന്റെ ദിനങ്ങളായിരുന്നു, അതും ഒരിക്കലും നികത്താനാകാത്ത നഷ്ടങ്ങൾ. കുഞ്ഞ് ജനിച്ച് ദിവസങ്ങൾ തികയും മുൻപേ ഭർത്താവിന്റെ വിയോഗം. അതിന്റെ കണ്ണീർ വറ്റുംമുൻപേ തലചായ്ക്കാനുണ്ടായിരുന്ന കൂര കലിതുള്ളിയെത്തിയ കാലവർഷം തകർത്തെറിഞ്ഞ് കടന്നുപോയി. ഇതോടെ ജനിച്ച് ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീരുമായി കഴിയുകയാണ് സൂര്യ.
ആംബുലൻസ് ഡ്രൈവറായിരുന്ന സൂര്യയുടെ ഭർത്താവ് 20 ദിവസം മുൻപാണ് പന്തളത്ത് ഉണ്ടായ അപകടത്തിൽ മരിച്ചത്. ഇപ്പോൾ സഹോദരനും ഭർതൃമാതാവിനും ഒപ്പം റാന്നിയിലെ ക്യാമ്പിൽ കഴിയുകയാണ് സൂര്യ. കനത്ത മഴയെത്തുടർന്ന് വീട്ടിൽ വെള്ളംകയറിയതോടെ താമസിക്കാൻ കഴിയാത്ത സാഹചര്യമായി. ഇതോടെയാണ് കുഞ്ഞുമായി സൂര്യ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്.
ഇവിടെ ദിവസങ്ങൾമാത്രം പ്രായമുള്ള കുഞ്ഞിനെ ചേർത്തുപിടിച്ച് ഇവർ. മഴക്കെടുതിക്ക് പിന്നാലെ കുഞ്ഞിന് അസുഖവും പിടിച്ചതോടെ പകച്ചിരിക്കുകയാണ് ഈ അമ്മ. ക്യാമ്പിൽ ആശമാരുടെ നേതൃത്വത്തിൽ കുഞ്ഞിനും അമ്മയ്ക്കും കൃത്യമായ പരിചരണം നൽകുന്നുണ്ട്. ഭർത്താവിന്റെ മരണത്തിന്റെ വേദനയ്ക്കൊപ്പം വീടും നഷ്ടപ്പെട്ടതോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനേക്കുറിച്ചുള്ള ആശങ്കയിലാണ് സൂര്യയിപ്പോൾ.



















































