മുംബൈ: സ്റ്റാൻഡപ് കോമഡി ഷോയ്ക്കിടെ പുരുഷ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച എംബിബിഎസ് വിദ്യാർഥിനി സേജൽ പവാറിനെതിരെ അച്ചടക്കനടപടിയുമായി മെഡിക്കൽ കോളേജ് അധികൃതർ. വിദ്യാർഥിയോട് 15 ദിവസത്തെ നിർബന്ധിത അവധിയെടുക്കാൻ ആവശ്യപ്പെട്ട അധികൃതർ ഈ ദിവസങ്ങളിൽ മെഡിക്കൽ കോളേജ് ക്യാംപസ്, ഹോസ്റ്റൽ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിനു വിലക്കും ഏർപ്പെടുത്തി.
ഏതാനും ദിവസങ്ങൾക്കു മുൻപ് അവതാരകനായ പ്രണിത് മോറെ കോമഡിഷോയ്ക്കിടെ ഉന്നയിച്ച ചോദ്യത്തിന്, പോസ്റ്റ്മോർട്ടത്തിനിടെ പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളെക്കുറിച്ചു തമാശ പറയുമായിരുന്നെന്ന സേജലിന്റെ മറുപടിയാണു ഏറെ വിവാദമായത്. അതിനു പിന്നാലെ മഹാരാഷ്ട്ര സൈബർ പോലീസ് സേജലിനെതിരെ കേസെടുത്തിരുന്നു.
പിന്നാലെ, അന്വേഷണ കമ്മിഷനെ നിയോഗിച്ച കെഇഎം മെഡിക്കൽ കോളേജ് വീഡിയോയിലുള്ളതു സേജൽ തന്നെയാണെന്നു കണ്ടെത്തുകയും നടപടിയെടുക്കുകയുമായിരുന്നു. വിദ്യാർഥിനിയുടെ മാതാപിതാക്കളെയും കോളേജ് അധികൃതർ വിളിച്ചുവരുത്തിയിരുന്നു.















































