കൊച്ചി: എക്സാലോജിക്-സി.എം.ആർ.എൽ. സാമ്പത്തിക ഇടപാട് കേസിൽ ടി. വീണയുടെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തിയ പരിശോധനയിൽ നിർണായക രേഖകളും ഡിജിറ്റൽ തെളിവുകളും ലഭിച്ചതായി റിപ്പോർട്ട്. മേയ് 27-ന് നടന്ന പരിശോധനയിൽ ഒരു ഐഫോൺ, ചുവന്ന കവറുള്ള ഡയറി, കേസുമായി ബന്ധപ്പെട്ടതായി കരുതുന്ന എ4 ലൂസ് ഷീറ്റുകൾ എന്നിവ അന്വേഷണസംഘം പിടിച്ചെടുത്തെന്നാണ് വിവരം.
ഇ.ഡി.യുടെ കണ്ടെത്തൽ പ്രകാരം, പിടിച്ചെടുത്ത ഡയറിയിലെ ആദ്യ ഒൻപത് പേജുകളിൽ കേസുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് ഇതിലുള്ളതെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്.
പരിശോധനയ്ക്കായി പിടിച്ചെടുത്ത ഐഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ സേവന കരാറുകളും ഇ-മെയിൽ ആശയവിനിമയങ്ങളും സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. യഥാർഥത്തിൽ നൽകാത്ത സേവനങ്ങളുടെ പേരിൽ തയ്യാറാക്കിയതായി സംശയിക്കുന്ന കരാറുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ഫോണിൽ കണ്ടെത്തിയെന്നാണ് സൂചന.
പരിശോധനയിൽ ലഭിച്ച ഇ-മെയിൽ സന്ദേശങ്ങളിൽ പ്രധാനമായും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളാണുള്ളതെന്നും, സേവനങ്ങൾ നൽകിയതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നുമാണ് ഇ.ഡി.യുടെ വിലയിരുത്തൽ.
പണം ലഭിച്ചതും ചെലവഴിച്ചതുമായി ബന്ധപ്പെട്ട രേഖകളും ഡയറിയിലുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളും രേഖകളും ഉൾപ്പെടെയുള്ള വിവരങ്ങൾ അജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുമ്പാകെ ഇ.ഡി. സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.


















































