കണ്ണൂർ: സിപിഎം നേതാവും മുൻ എംപിയുമായ പി.കെ. ശ്രീമതിക്കെതിരെ പ്രചരിച്ച വ്യാജ വാർത്തയിൽ ഇന്ന് കേസ് രജിസ്റ്റർ ചെയ്യും. കണ്ണൂർ സൈബർ പോലീസാണ് കേസ് അന്വേഷിക്കുക. ഇതിന്റെ ഭാഗമായി പോലീസ് പി.കെ. ശ്രീമതിയുടെ മൊഴി രേഖപ്പെടുത്തി.
ആലക്കോട് സൈബർ പോലീസ് സംഘം പി.കെ. ശ്രീമതിയുടെ പരിയാരം സ്വദേശത്തെ വസതിയിലെത്തി മൊഴിയെടുത്തതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടി ആരംഭിച്ചത്. വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി ഉണ്ടാകുന്നതുവരെ പിന്നോട്ടില്ലെന്ന് പി.കെ. ശ്രീമതി വ്യക്തമാക്കി.
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വിഷയത്തിൽ ഇടപെട്ടെന്നും സംസ്ഥാന പോലീസ് മേധാവി നേരിട്ട് ബന്ധപ്പെട്ടെന്നും അവർ പറഞ്ഞു. പോലീസ് വേഗത്തിൽ നടപടികൾ ആരംഭിച്ചതിൽ സന്തോഷമുണ്ടെന്നും അവർ പ്രതികരിച്ചു.
കുന്നംകുളം മുൻ എം.എൽ.എ. പി.കെ. കൃഷ്ണന്റെ ഭാര്യയെന്ന പേരിൽ പി.കെ. ശ്രീമതി കുടുംബപെൻഷൻ കൈപ്പറ്റിയെന്ന തരത്തിൽ ചില മാധ്യമങ്ങൾ നൽകിയ വാർത്തയാണ് വിവാദമായത്. സംഭവത്തിൽ ജനം ടി.വി., കർമ്മ ന്യൂസ്, സുദിനം എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളെയും വാർത്തയുടെ ഉത്തരവാദികളായവരെയും പ്രതിചേർക്കപ്പെടും.
യഥാർഥത്തിൽ കുന്നംകുളം മുൻ എം.എൽ.എ. പി.കെ. കൃഷ്ണന്റെ ഭാര്യയുടെ പേരും പി.കെ. ശ്രീമതി എന്നായിരുന്നു. അവർ 2020-ൽ മരിക്കുന്നതുവരെ കുടുംബപെൻഷൻ കൈപ്പറ്റിയിരുന്നു. ഈ വിവരമാണ് മുൻ എം.പിയും സിപിഎം നേതാവുമായ പി.കെ. ശ്രീമതിയുമായി കൂട്ടിക്കുഴച്ച് ചില മാധ്യമങ്ങൾ തെറ്റായ വാർത്തയായി പ്രസിദ്ധീകരിച്ചത്.






