കൊച്ചി: രാഹുല്‍ ഗാന്ധിയുടെ പ്രസംവുമായി ബന്ധപ്പെട്ട സിപിഎം വിമര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാല്‍ രംഗത്ത്. സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുലിനെ അധിക്ഷേപിച്ചിട്ട് കാര്യമില്ലെന്നും മുഖം മോശമായതിന് കണ്ണാടി പൊട്ടിക്കുന്നതിന് തുല്യമാണിതെന്നും വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തിന് പുറത്ത് സിപിഎമ്മിന്റെ ആശ്രയം കോണ്‍ഗ്രസ് മാത്രമാണ്. ദേശീയതലത്തില്‍ പൊതുനിലപാടില്ലാതെ, പ്രാദേശിക അജണ്ടകള്‍ മാത്രം നോക്കുന്ന സങ്കുചിത രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നത്.
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാതെ, പാര്‍ട്ടിയുടെ തകര്‍ച്ചയെക്കുറിച്ച് ആത്മപരിശോധന നടത്താനാണ് സിപിഎം നേതാക്കള്‍ തയ്യാറാകേണ്ടതെന്നും കെ സി വേണുഗോപാല്‍ പറയുന്നു. പിണറായി വിജയനെ ആലിംഗനം ചെയ്യാനാവില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ഇന്ത്യ സഖ്യയോഗത്തിലെ പരാമര്‍ശത്തിനെതിരെയായിരുന്നു സിപിഎമ്മും സിപിഐയും രംഗത്തെത്തിയത്. തിങ്കളാഴ്ച ചേര്‍ന്ന ഇന്ത്യ സഖ്യയോഗത്തിലാണ്, പിണറായി വിജയനെ തനിക്ക് ആലിംഗനം ചെയ്യാനാവില്ലെന്നും കേരളത്തില്‍ അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടത്തിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞത്.
പിന്നാലെ താനും രാഹുലും പരസ്പരം വണങ്ങുകയാണ് ചെയ്യാറ്, രാഹുല്‍ മോദിയെ കെട്ടിപിടിക്കുന്നത് കണ്ടു, രാഹുലും കോണ്‍ഗ്രസും ബിജെപിയെ സഹായിക്കുന്ന നിലപാടില്‍, ഇത് ഇന്ത്യ മുന്നണിയെ സഹായിക്കുന്നതല്ലെന്നും പിണറായി വിജയനും പ്രതികരിച്ചിരുന്നു.















































