കൊട്ടാരക്കര: എൻഎസ്എസുമായി തെറ്റിനിൽക്കുന്ന കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി കൊട്ടാരക്കര എൻഎസ്എസ് താലൂക്ക് യൂണിയൻ. എൻഎസ്എസ് പ്രസ്ഥാനത്തെയും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും പരസ്യമായി വിമർശിച്ച ഗണേഷ് കുമാറിനോടുള്ള പ്രതിഷേധം അറിയിച്ചുകൊണ്ട് യൂണിയൻ അംഗം ജി. തങ്കപ്പൻ പിള്ളയാണ് പ്രമേയം അവതരിപ്പിച്ചത്.
എൻഎസ്എസിന്റെ തണലിലും പിന്തുണയിലും അധികാരസ്ഥാനങ്ങളിൽ എത്തി സർവവും നേടിയ കുടുംബമാണ് ആർ. ബാലകൃഷ്ണപിള്ളയുടേതെന്നും അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ബാലകൃഷ്ണപിള്ള ജയിലിൽ കിടന്നപ്പോൾ അദ്ദേഹത്തിന് ആശ്വാസമായത് ജി. സുകുമാരൻ നായരുടെ ഇടപെടലുകളായിരുന്നുവെന്നും പ്രമേയത്തിൽ പറയുന്നു. അതുപോലെ ബാലകൃഷ്ണപിള്ളയ്ക്ക് താല്പര്യമില്ലാതിരുന്നിട്ടും ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം വാങ്ങി നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചത് സുകുമാരൻ നായരാണെന്നും പ്രമേയത്തിൽ പറയുന്നു.
ഇത്രയൊക്കെ ചെയ്ത് കൊടുത്തിട്ടും ഗണേഷ് കുമാർ സദാചാര വിരുദ്ധനായും സംസ്കാര ശൂന്യനായും പ്രവർത്തിച്ചു. കഴിഞ്ഞ മൂന്ന് വർഷം എൻഎസ്എസ് ഡയറക്ടർ ബോർഡിൽ ഇരുന്നുകൊണ്ട് സനാതന ധർമത്തിനും ഹൈന്ദവ ആചാരങ്ങൾക്കും വിരുദ്ധമായി മറ്റൊരു മതത്തിൽ വിശ്വസിക്കുകയും ആരാധന നടത്തുകയും ചെയ്തു. ഇത്തരം മാപ്പർഹിക്കാത്ത തെറ്റുകൾ ചെയ്തതാണ് പത്തനാപുരത്തെ അദ്ദേഹത്തിന്റെ പരാജയത്തിന് കാരണം. ഇത് പൊതുസമൂഹം വിലയിരുത്തിയിട്ടുണ്ടെന്നും പ്രമേയത്തിൽ പറയുന്നു.
സംഘടനയുടെ ദൈവീകത കൊണ്ടാണ് അദ്ദേഹം ഉന്നതാധികാര സമിതിയിൽനിന്ന് പുറത്തായതെന്നും പ്രമേയത്തിൽ പരാമർശമുണ്ട്. പത്തനാപുരം താലൂക്ക് യൂണിയൻ ഭരണം എൻഎസ്എസ് ആസ്ഥാനം ഏറ്റെടുക്കേണ്ടി വന്ന സാഹചര്യം ഗണേഷ് കുമാർ വികലമായി ചിത്രീകരിക്കുകയാണെന്നും താലൂക്ക് യൂണിയൻ ആരോപിച്ചു.
സമുദായത്തെയും നേതൃത്വത്തെയും അവഹേളിക്കുന്ന ഗണേഷ് കുമാറിന് എൻഎസ്എസ് കരയോഗത്തിൽ അംഗമായി തുടരാൻ അവകാശമില്ല, അതിനാൽ അദ്ദേഹം ഉടൻ രാജിവെക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്കിലെ 150 കരയോഗങ്ങളും എൻഎസ്എസ് നേതൃത്വത്തിനും ജി. സുകുമാരൻ നായർക്കും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അറിയിച്ചുകൊണ്ടാണ് പ്രമേയം അവതരിപ്പിച്ചത്. ഗണേഷ് കുമാറിനെപ്പോലെയുള്ളവർ എൻഎസ്എസിനെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ അത് നടക്കില്ലെന്നും ഇത്തരം നീക്കങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും താലൂക്ക് യൂണിയൻ വ്യക്തമാക്കി.




