ഇസ്താംബൂൾ: കരിങ്കടലിൽ തുർക്കിയുടെ ഉടമസ്ഥതയിലുള്ള സിവിലിയൻ ചരക്കുകപ്പലിന് നേരെയുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 11 പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി അറിയിച്ചു. ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാരായിരുന്നു.
ആക്രമണത്തിൽ തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി. കപ്പലിന്റെ ക്യാപ്റ്റൻ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കപ്പലിന് തീപ്പിടിച്ചതിനെത്തുടർന്ന് റൊമാനിയൻ കോസ്റ്റ് ഗാർഡിന്റെ ബോട്ടുകളും ഹെലികോപ്റ്ററുകളും ചേർന്ന് 11 ജീവനക്കാരെ രക്ഷപ്പെടുത്തി. റൊമാനിയൻ തീരത്തുനിന്ന് ഏകദേശം 20 മൈൽ അകലെവെച്ച് കാണാതായ ജീവനക്കാരനായുള്ള തിരച്ചിൽ തുടരുന്നു.
നിഷ്പക്ഷ സമുദ്രപരിധിയിലാണ് കപ്പലിന് നേരെ ആക്രമണമുണ്ടായതെന്ന് സെലൻസ്കി പറഞ്ഞു. ആക്രമണത്തിൽ കപ്പൽ ക്യാപ്റ്റർ കൊല്ലപ്പെട്ടതായും ഒരു ജീവനക്കാരന് പരുക്കേറ്റതായും മറ്റൊരാളുടെ വിവരങ്ങൾ ഇപ്പോഴും സ്ഥിരീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് റഷ്യൻ ഡ്രോണുകളാണ് ചോളം കയറ്റിയ തുർക്കി ഉടമസ്ഥതയിലുള്ള സിവിലിയൻ കപ്പലിന് നേരെ ആക്രമണം നടത്തിയതെന്ന് സെലൻസ്കി എക്സിൽ കുറിച്ചു. കപ്പലിൽ അസർബൈജാനി, ഇന്ത്യൻ പൗരന്മാരുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിച്ചതായാണ് വിവരം.
കപ്പലിലെ 11 ജീവനക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരിൽ ഒരാൾക്ക് പരിക്കേറ്റതായും സെലൻസ്കി അറിയിച്ചു. കൊല്ലപ്പെട്ട കപ്പൽ ക്യാപ്റ്ററുടെ മരണത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. മറ്റൊരാളുടെ സ്ഥിതി സംബന്ധിച്ച വിവരങ്ങൾ ഇപ്പോഴും ലഭ്യമാകാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കരിങ്കടലിലെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി യുക്രെയ്ൻ നിരവധി തവണ വ്യക്തമായ നടപടികൾ നിർദേശിച്ചിട്ടുണ്ടെന്ന് സെലൻസ്കി പറഞ്ഞു. ആഗോള ഭക്ഷ്യസുരക്ഷ പുനഃസ്ഥാപിക്കാൻ സമ്മർദം ആവശ്യമാണെന്നും ഇതിൽ യഥാർഥമായി താൽപര്യമുള്ള എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റഷ്യ-യുക്രെയ്ൻ സംഘർഷം ശക്തമായതോടെ കരിങ്കടൽ പ്രധാനമായ ആഗോള വ്യാപാരപാതകളിലൊന്നെന്ന നിലയിൽ വലിയ സമ്മർദമാണ് നേരിടുന്നത്. വാണിജ്യ കപ്പലുകൾക്കും തുറമുഖ അടിസ്ഥാനസൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതോടെ മേഖലയിലെ കപ്പൽ ഗതാഗതത്തിന്റെ സുരക്ഷയും ആശങ്കയിലായിട്ടുണ്ട്. ഞായറാഴ്ച യുക്രെയ്നിലെ സുമിയിൽ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഒരു ഫാർമസ്യൂട്ടിക്കൽ വെയർഹൗസിലെ 52 വയസ്സുകാരനായ ജീവനക്കാരനും റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, യുക്രെയ്ൻ സംഘർഷത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങളിൽ ഇന്ത്യ അടുത്ത മാസങ്ങളിൽ കൂടുതൽ സജീവമായതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഞായറാഴ്ച പറഞ്ഞിരുന്നു. യുക്രെയ്‌നുമായും റഷ്യയുമായും ഒരേസമയം ആശയവിനിമയം നടത്തി സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ പ്രസിഡന്റ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംഘർഷത്തിന് പരസ്പരം അംഗീകരിക്കാവുന്ന പരിഹാരം കണ്ടെത്തുന്നതിനായി “നല്ല ആശയങ്ങൾ” ഉണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് ജയശങ്കറിന്റെ പ്രതികരണം.അതേസമയം നയതന്ത്ര തലത്തിൽ സംഘർഷപരിഹാര ശ്രമങ്ങൾ തുടരുന്നതിനിടെയാണ് കരിങ്കടലിൽ സിവിലിയൻ ചരക്കുകപ്പലിന് നേരെയുണ്ടായ പുതിയ ആക്രമണം. വാണിജ്യ കപ്പൽ ഗതാഗതം ഉൾപ്പെടെയുള്ള സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്ക് റഷ്യ-യുക്രെയ്ൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ നിലനിൽക്കുന്ന അപകടസാധ്യതയാണ് സംഭവം വീണ്ടും വ്യക്തമാക്കുന്നത്.






