ബെംഗളൂരു: ബസ് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കാൻ രഹസ്യ പരിശോധനയ്ക്കിറങ്ങിയ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിന് അപ്രതീക്ഷിത അനുഭവം. ചില്ലറയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ബിഎംടിസി കണ്ടക്ടർ മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. മാസ്ക് ധരിച്ചിരുന്നതിനാൽ യാത്രക്കാരൻ മന്ത്രിയാണെന്ന് കണ്ടക്ടർ തിരിച്ചറിഞ്ഞിരുന്നില്ല.
ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷന്റെ (ബിഎംടിസി) ഹെബ്ബാളിൽ നിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബസിലായിരുന്നു സംഭവം. സാധാരണ യാത്രക്കാരനെപ്പോലെ ബസിൽ കയറിയ മന്ത്രി രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെടുകയും 100 രൂപയുടെ നോട്ട് നൽകുകയും ചെയ്തു. എന്നാൽ ചില്ലറയില്ലെന്ന് പറഞ്ഞ കണ്ടക്ടർ കൃത്യമായ തുക നൽകാൻ ആവശ്യപ്പെട്ടു.
തന്റെ കൈവശം ചില്ലറയില്ലെന്ന് മന്ത്രി അറിയിച്ചെങ്കിലും, തന്റെയും കൈയിൽ ബാക്കി നൽകാൻ പണമില്ലെന്നും കൃത്യമായ തുക നൽകാൻ കഴിയില്ലെങ്കിൽ ബസിൽനിന്ന് ഇറങ്ങണമെന്നും കണ്ടക്ടർ ആവശ്യപ്പെട്ടു. ഇതോടെ മന്ത്രി യാതൊരു തർക്കത്തിനും മുതിരാതെ ബസിൽനിന്ന് ഇറങ്ങുകയായിരുന്നു.
വൈകിട്ട് 7.10 മുതൽ 9.10 വരെ നീണ്ട മിന്നൽ പരിശോധനയുടെ ഭാഗമായി മന്ത്രി ഓട്ടോറിക്ഷയിലും യാത്ര നടത്തി. നാഗഷെട്ടിഹള്ളിയിൽ നിന്ന് ചെറിയ ദൂരം ഓട്ടോയിൽ സഞ്ചരിച്ചപ്പോൾ മീറ്ററിൽ 30 രൂപ കാണിച്ചിട്ടും ഡ്രൈവർ 36 രൂപ ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് മന്ത്രി ചോദ്യം ചെയ്തപ്പോൾ മീറ്റർ ഉടൻ ശരിയാക്കാമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഒടുവിൽ 40 രൂപ നൽകി മന്ത്രി യാത്ര അവസാനിപ്പിച്ചു.
യാത്രയ്ക്കിടെ നേരിട്ട അനുഭവങ്ങൾ മന്ത്രി തന്നെയാണ് പിന്നീട് എക്‌സിലൂടെ (മുൻ ട്വിറ്റർ) പങ്കുവെച്ചത്. യാത്രയുടെ ദൃശ്യങ്ങളും അദ്ദേഹം സാമൂഹികമാധ്യമത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രക്കാർ നേരിടുന്ന യഥാർഥ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കാണുന്നതിനാണ് ഇത്തരം അപ്രതീക്ഷിത പരിശോധനകളെന്ന് മന്ത്രി വ്യക്തമാക്കി.

















































