തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആരോഗ്യവകുപ്പ് മരുന്ന് എത്തിക്കാത്തതുകൊണ്ട് ആർക്കും എലിപ്പനി വരില്ലെന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒരിടത്തുനിന്നും മരുന്നിന്റെ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് മന്ത്രിയുടെ അവകാശവാദം. മഴ ശക്തമായ സാഹചര്യത്തിൽ പകർച്ചവ്യാധി ഭീഷണി കണക്കിലെടുത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനം കടുത്ത പ്രളയക്കെടുതി നേരിടുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി പ്രതികരിച്ചു. ‘ഊണ് കഴിക്കുന്നത് തെറ്റാണോ?’ എന്നായിരുന്നു മുരളീധരന്റെ ചോദ്യം. ഇത്തരം വിവാദങ്ങൾ വിഷയദാരിദ്ര്യത്തിന്റെ ഭാഗമാണെന്നും ദുരന്തത്തെ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിവാദ ഹെലികോപ്റ്റർ യാത്രയെച്ചൊല്ലിയുള്ള വിവാദവും അനാവശ്യമാണെന്ന് മുരളീധരൻ പ്രതികരിച്ചു. ഹെലികോപ്റ്റർ ആവശ്യത്തിന് ഉപയോഗിക്കാനുള്ളതാണെന്നും ഔദ്യോഗിക ആവശ്യത്തിനാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. പോകുന്ന വഴിയിൽ ഭാര്യാപിതാവിനെ കണ്ടതാണെന്നും മുരളീധരൻ ന്യായീകരിച്ചു.
കേരളത്തിൽ കനത്ത മഴക്കെടുതി തുടരുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്തത് വലിയ രാഷ്ട്രീയ വിവാദത്തിനാണ് വഴിവെച്ചത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങളുടെ വീട്ടിൽ നടന്ന ഉച്ചഭക്ഷണ സൽക്കാരത്തിൽ മുഖ്യമന്ത്രി പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്.
സംസ്ഥാനം കനത്ത പ്രളയഭീതിയിലും ദുരന്തത്തിലും വലയുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പകരം മുഖ്യമന്ത്രി വിരുന്നുകളിൽ പങ്കെടുക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ദുരന്തനിവാരണ സംവിധാനങ്ങളുടെ തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണിതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളും കുറ്റപ്പെടുത്തുന്നു.

















































