കൊച്ചി: കളമശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് സംഘത്തിലുണ്ടായിരുന്ന സ്ത്രീയാണെന്നേ യുവതി പറഞ്ഞതായി ഭർത്താവ്. പീഡനം സഹിക്കവയ്യാതെ ബിയർ കുപ്പി പൊട്ടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയാണ് യുവതി സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടത്. യുവതികളെ ഇത്തരത്തിൽ കെണിയിൽപ്പെടുത്തി സെക്സ് റാക്കറ്റിന്റെ ഭാഗമാക്കുന്ന സംഘമാണ് സ്പായ്ക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നത് എന്നാണ് പോലീസ് കരുതുന്നത്. അതേപോലെ കടുത്ത മാനസിക, ശാരീരിക പ്രശ്നങ്ങൾ നേരിടുന്ന യുവതി ഇപ്പോഴും കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കേസ് വന്നതിനു പിന്നാലെ ഒളിവിൽപ്പോയ രണ്ടാം പ്രതി വയനാട് സ്വദേശി അമ്മുവാണ് യുവതിയെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത്. നിലവിൽ സ്പാ നടത്തിപ്പുകാരനും ഒന്നാം പ്രതിയുമായ ആലപ്പുഴ കാർത്തികപ്പിള്ളി ഇരിക്കാവ് എസ്ആർ നിവാസിൽ ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ശ്രീരാജും ജിത്തും അമ്മുവുമാണ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. ലോഡ്ജിൽ നിന്ന് രക്ഷപെടാനുള്ള ശ്രമം തടഞ്ഞത് കേസിലെ മൂന്നാം പ്രതിയായ സഞ്ജുവാണ്. ഇയാളും ഇപ്പോൾ ഒളിവിലാണ്.
മുൻപ് അധ്യാപികയായി ജോലി ചെയ്തിരുന്ന യുവതി ജോലി നഷ്ടമായതിനു ശേഷം പുതിയ ജോലി തേടുന്ന സമയത്താണ് സ്പായിൽ മാനേജരുടെ ഒഴിവുണ്ടെന്ന പരസ്യം ഒഎൽഎക്സിൽ കാണുന്നത്. ഇവരുടെ ഭർത്താവ് ടാക്സി ഡ്രൈവറാണ്. അന്നു രാവിലെ മൂന്നാറിലേക്ക് ടൂറിസ്റ്റുകളേയും കൊണ്ട് അദ്ദേഹം യാത്ര പോയിരുന്നു. ഇതിനിടയിൽ ഒരു ജോലി ഒഴിവുണ്ടെന്നും ഇന്റർവ്യൂന് വിളിച്ചിട്ടുണ്ടെന്നും യുവതി ഭർത്താവിനെ അറിയിച്ചു. രാവിലെ ഇന്റർവ്യൂവിന് പോയ യുവതി 10 മണിയോടെ തിരിച്ചെത്തി ജോലി ലഭിച്ചെന്നും ശമ്പളവും ലൊക്കേഷനും ഉൾപ്പെടെ ഭർത്താവിനെ അറിയിക്കപകയും ചെയ്തപ.
എന്നാൽ 11 മണിയോടെ വീണ്ടും പുറത്തുപോകണമെന്ന് യുവതി പറഞ്ഞു. ആ സമയത്ത് ശാരീരിക ബുദ്ധിമുട്ടുകളും മാനസിക പിരിമുറുക്കവും ഉള്ളതിനാൽ പുറത്തുപോകരുതെന്ന് ഭർത്താവ് വിലക്കിയിരുന്നു. അതിനാൽത്തന്നെ ദേഷ്യപ്പെടാതെ മയത്തിലാണ് താൻ സംസാരിച്ചത് എന്ന് ഭർത്താവ് പറയുന്നു. എന്നാൽ തുടർന്ന് ഭർത്താവ് വിളിച്ചെങ്കിലും യുവതി ഫോൺ എടുത്തില്ല. ഇതിനിടെ, ഭർത്താവ് അയൽക്കാരെയും വീട്ടുടമയേയും വിവരം അറിയിച്ചു. വീട് മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്നുനോക്കിയെങ്കിലും യുവതിയെ അവിടെ കണ്ടില്ല.
പിറ്റേന്ന് വൈകിട്ട് ആറുമണിയോടെയാണ് യുവതി ഭർത്താവിന്റെ ഫോൺ കോൾ എടുക്കുന്നത്. ഇടപ്പള്ളിയിലുണ്ടെന്നും കൂട്ടുകാരിയുടെ വീട്ടിൽ പോയതാണെന്നും ഇതിനിടെ ഫോണിന്റെ ഡിസ്പ്ലേ പോയെന്നുമാണ് യുവതി പറഞ്ഞത്. എന്നാൽ രാത്രി ഭർത്താവ് വീട്ടിലെത്തുമ്പോൾ യുവതി വീട്ടിൽ വെളിച്ചം പോലും ഇടാതെ മുഖം പൊത്തി കിടക്കുകയായിരുന്നു.
മുൻപ് കൊച്ചിയിൽ നിന്ന് വരുമ്പോൾ മുഖത്ത് ചൂട് അടിച്ച് നീര് വന്നതാണെന്ന് പറഞ്ഞിരുന്നെങ്കിലും പരിശോധിച്ചപ്പോൾ മുഖത്തിന്റെ ഇരുവശങ്ങളും തേനീച്ച കുത്തിയത് പോലെ ഭയങ്കരമായി വീർത്ത നിലയിലും പൊട്ടിയ പരുക്കുകളോടും കൂടിയുമാണ് കണ്ടത് എന്നു ഭർത്താവ് പറയുന്നു. തുടർന്ന് പലവട്ടം നിർബന്ധിച്ചു ചോദിച്ച ശേഷമാണ് താൻ നേരിട്ട ക്രൂരമായ പീഡനവിവരങ്ങൾ യുവതി ഭർത്താവിനോട് വെളിപ്പെടുത്തിയത്.
പ്രതികൾ ഫോൺ കൈക്കലാക്കി ലോക്ക് അഴിച്ച് വച്ചിരിക്കുകയായിരുന്നു. ഇന്റർവ്യൂ സമയത്ത് മാനേജർ എന്നു പരിചയപ്പെടുത്തിയ യുവതി വിളിച്ചതു കൊണ്ടാണ് അവിടേക്ക് പോയത്. അവിടെ ചെന്നപ്പോൾ ബിയറും ഐസ്ക്രീമും നൽകി. ഈ ഐസ്ക്രീമിൽ ലഹരി കലർത്തി നൽകി ബോധം കെടുത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പിറ്റേന്ന് രാവിലെ ബോധം വരുമ്പോഴാണ് താൻ നേരിട്ട അവസ്ഥ യുവതി അറിയുന്നത്.
ഇതോടെ ലോഡ്ജിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചെങ്കിലും കൂടുതൽ ഉപദ്രവിക്കുകയാണ് സംഘം ചെയ്തത്. തന്റെ ദൃശ്യങ്ങൾ എല്ലാം പകർത്തിയിട്ടുണ്ടെന്നും പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. വൈകുന്നേരത്തോടെ കൂടുതൽ ആളുകൾ മുറിയിലേക്ക് വന്നതോടെ ബിയർ കുപ്പി തല്ലിപ്പൊട്ടിച്ച ശേഷം സ്വയം കുത്തി ആത്മഹത്യ ചെയ്യുമെന്ന് യുവതി പറഞ്ഞപ്പോഴാണ് വിട്ടയയ്ക്കാൻ സംഘം തയാറായത്.
അതേസമയം യുവതിയുടെ പ്രാഥമിക മൊഴി മാത്രമാണ് പോലീസ് എടുത്തിരിക്കുന്നത്. മാനസിക, ശാരീരിക ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രമേ കൂടുതൽ വിവരങ്ങൾ യുവതിയിൽ നിന്ന് അറിയാൻ കഴിയൂ എന്ന് പൊലീസ് വ്യക്താമാക്കി. ഒളിവിലുള്ള രണ്ടു പേരെയും ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. ശ്രീരാജ് നാലു സ്പാകൾ പങ്കാളിത്തത്തോടെ നടത്തുന്നുണ്ട്. ഇതിൽ അതിക്രമം നടന്ന ഇടപ്പള്ളി കൂനംതൈ ഉണിച്ചിറയിലുള്ള ഡിലൈറ്റ് ആയുർവേദിക് സ്പാ പോലീസ് ഇന്നലെ പൂട്ടിച്ചു.






