വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിനിടെ യുഎസ് സൈന്യം പ്രധാന മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെയും ദീർഘദൂര ആയുധങ്ങളുടെയും വലിയൊരു പങ്ക് ഉപയോഗിച്ചുതീർന്നതായി റിപ്പോർട്ടുകൾ പുറത്ത്. ഇതോടെ പെന്റഗണിന്റെ സൈനിക സജ്ജീകരണ ശേഷിയെക്കുറിച്ച് ഉന്നത തലത്തിൽ ആശങ്ക ഉയർന്നിരിക്കുകയാണ്.
യുഎസ് സൈനിക വിലയിരുത്തലുകളുമായി ബന്ധപ്പെട്ട നിരവധി വൃത്തങ്ങൾ സിഎൻഎന്നിനോട് പറഞ്ഞതനുസരിച്ച്, യുദ്ധം ആരംഭിച്ചതിന് ശേഷം ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD) ഇന്റർസെപ്റ്ററുകളുടെ ഏകദേശം 80 ശതമാനവും ഇതിനകം ഉപയോഗിച്ചുതീർന്നിട്ടുണ്ട്. അതേസമയം, പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനത്തിലെ ഇന്റർസെപ്റ്ററുകളിൽ പകുതിയോളം വിനിയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
യുദ്ധത്തിന് മുമ്പ് യുഎസിന് ഏകദേശം 452 THAAD മിസൈലുകളും 2,200ഓളം പാട്രിയറ്റ് ഇന്റർസെപ്റ്ററുകളും ഉണ്ടായിരുന്നുവെന്നാണ് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് നടത്തിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തിൽ ഇപ്പോഴത്തെ ശേഖരത്തിലെ കുറവ് ശ്രദ്ധേയമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ഗൾഫ് മേഖലയിലെ രാജ്യങ്ങളും ഈ സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്കെതിരെ പ്രതിരോധത്തിനായി അമേരിക്കൻ സംവിധാനങ്ങളെയാണ് പല രാജ്യങ്ങളും ആശ്രയിക്കുന്നത്. യുഎസിന്റെ ശേഖരം കുറഞ്ഞാൽ അവരുടെ സുരക്ഷാ സംവിധാനങ്ങൾക്കും ബാധകമാകുമെന്നാണ് വിലയിരുത്തൽ.
ഇതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരായ കൂടുതൽ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെക്കുന്നതിന് മുൻപ് തന്നെ ആയുധ ശേഖര കുറവ് സംബന്ധിച്ച് ഉന്നത ഉപദേഷ്ടാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വിഷയത്തിൽ ആശങ്ക ഉയരുന്നത് ഇതോടെ രണ്ടാമത്തെ തവണയാണെന്നും പറയുന്നു.
എന്നാൽ, ഈ റിപ്പോർട്ടുകൾ പെന്റഗണും വൈറ്റ് ഹൗസും തള്ളിക്കളഞ്ഞു. ആവശ്യമായ സമയത്തും സ്ഥലത്തും സൈനിക നടപടി സ്വീകരിക്കാൻ യുഎസിന് വേണ്ടതെല്ലാം ഉണ്ടെന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ വ്യക്തമാക്കി. യുഎസ് സൈന്യത്തിന് മതിയായ മിസൈലുകളും വെടിക്കോപ്പുകളും ശേഖരങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് ആന്ന കെല്ലിയും അറിയിച്ചു.
ഇതിനിടെ, യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റി ഹെഗ്സത്ത് സിഎൻഎന്നിന്റെ റിപ്പോർട്ടിനെതിരെ ശക്തമായ വിമർശനം ഉയർത്തി. സാമൂഹ്യ മാധ്യമമായ എക്‌സിൽ നൽകിയ പ്രതികരണത്തിൽ റിപ്പോർട്ട് തെറ്റാണെന്നും വ്യാജവാർത്തയാണെന്നും അദ്ദേഹം ആരോപിച്ചു.
റോയിറ്റേഴ്‌സ് റിപ്പോർട്ട് പ്രകാരം, അഞ്ചുമാസം നീണ്ടുനിന്ന യുദ്ധത്തിനിടെ യുഎസ് സൈന്യം അതിന്റെ ഉയർന്ന കൃത്യതയുള്ള ദീർഘദൂര മിസൈൽ ശേഖരത്തിന്റെ ഭൂരിഭാഗവും ഉപയോഗിച്ചുതീർത്തിട്ടുണ്ട്. ആർമി ടാക്റ്റിക്കൽ മിസൈൽ സിസ്റ്റംസ് (ATACMS), പ്രിസിഷൻ സ്ട്രൈക്ക് മിസൈലുകൾ (PrSM) എന്നിവയിൽ വലിയ തോതിൽ വിനിയോഗം നടന്നതായും വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിൽ റഷ്യ, ചൈന തുടങ്ങിയ ശക്തരായ രാജ്യങ്ങളെ പ്രതിരോധിക്കാനുള്ള യുഎസിന്റെ ശേഷി കുറയാനിടയുണ്ടെന്ന ആശങ്കയും ഉയരുന്നു. അതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റിസർവ് ശേഖരങ്ങളിൽ നിന്ന് ആയുധങ്ങൾ പുനഃസ്ഥാപിക്കാൻ യുഎസ് സൈന്യത്തിന് കഴിയുന്നുണ്ടെന്നും, മിഡിൽ ഈസ്റ്റ് മേഖലയിലെ സൈനിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന യുഎസ് സെൻട്രൽ കമാൻഡ് ഇതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മറ്റൊരു വൃത്തം വ്യക്തമാക്കി. യുദ്ധത്തിനിടെ യുഎസ് ആയുധ ശേഖരത്തിൽ ഉണ്ടായിരിക്കുന്ന ഈ വൻ കുറവിന്റെ വ്യാപ്തി ഇതുവരെ പൊതുജനങ്ങൾക്ക് മുന്നിൽ എത്തിയിരുന്നില്ലെന്നതാണ് റിപ്പോർട്ടിലെ പ്രധാനപ്പെട്ട വെളിപ്പെടുത്തൽ.



















































