ലഖ്നൗ: ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരേ രാജസ്ഥാൻ റോയൽസിന് 40 റൺസിന്റെ ജയം. രാജസ്ഥാൻ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ലഖ്നൗ 119 റൺസിന് പുറത്തായി. നാലുപേരെ സംപൂജ്യരാക്കി ചക്രവ്യൂഹം സൃഷ്ടിച്ച രാജസ്ഥാൻ ബൗളിങ്ങിന് മുന്നിൽ ലഖ്നൗവിന് പിടിച്ചുനിൽക്കാനായില്ല. ജൊഫ്ര ആർച്ചർ മൂന്ന് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന്റെ തുടക്കം തന്നെ പൊളിച്ച് കയ്യിൽ കൊടുത്തു രാജസ്ഥാൻ. 11 റൺസിനിടെ ടീമിന് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായി. ആയുഷ് ബദോനി, ഋഷഭ് പന്ത്, മാർക്രം എന്നിവർ ഡക്കായി മടങ്ങി. പിന്നീട് മിച്ചൽ മാർഷും നിക്കൊളാസ് പുരാനുമാണ് ടീമിനെ മുന്നോട്ടുനയിച്ചത്. പുരാൻ 22 റൺസെടുത്തും ഹിമ്മത്ത് സിങ് 15 റൺസുമെടുത്ത് പുറത്തായി. വിക്കറ്റുകൾ വീഴുമ്പോഴും മിച്ചൽ മാർഷാണ് ടീമിന് ആശ്വാസമായത്. അർധസെഞ്ചുറിയോടെ താരം ടീമിനെ നൂറുകടത്തിയെങ്കിലും പിന്നാലെ കൂടാരം കയറി. 41 പന്തിൽ 55 റൺസാണ് മാർഷിന്റെ സമ്പാദ്യം.
പിന്നീടങ്ങോട്ട് ഒന്നും ചെയ്യാനില്ലാതെ പതറുകയായിരുന്നു ലഖ്നൗ. പിന്നീടെത്തിയ ബാറ്റർമാർ നിരനിരയായി കൂടാരം കയറി. മുകുൾ ചൗധരി(7), മുഹമ്മദ് ഷമി (6), മായങ്ക് യാദവ് (5) എന്നിവർ നിരാശപ്പെടുത്തി. ഒടുക്കം 119 റൺസിന് എല്ലാവരും പുറത്തായി. കളിയിൽ ആർച്ചർ മൂന്ന് വിക്കറ്റോടെ തിളങ്ങി.
അതേസമയം ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 159 റൺസാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ സ്‌കോർ മൂന്നാം ഓവറിൽ 30 കടന്നെങ്കിലും പിന്നീട് തകർച്ച നേരിട്ടു. യശസ്വി ജയ്‌സ്വാൾ 12 പന്തിൽ നിന്ന് 22 റൺസെടുത്തു. പിന്നാലെ ധ്രുവ് ജുറെൽ (0), വൈഭവ് സൂര്യവംശി (8) എന്നിവരും മടങ്ങി. അതോടെ ടീം 32-3 എന്ന നിലയിലായി. നാലാം വിക്കറ്റിൽ ക്യാപ്റ്റൻ റിയാൻ പരാഗും ഷിമ്രോൺ ഹെറ്റ്മയറും ചേർന്ന് ടീമിനെ 60 കടത്തി. പിന്നാലെ ഇരുവരും പുറത്തായി. അതോടെ ടീം പ്രതിരോധത്തിലായി. പരാഗ് 20 റൺസും ഹെറ്റ്മയർ 22 റൺസുമെടുത്തു.
പിന്നീട് ആറാം വിക്കറ്റിൽ രവീന്ദ്ര ജഡേജയും ഡൊണോവൻ ഫെരെയ്‌രയും ചേർന്ന് 33 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. ഇരുവരും ടീമിനെ നൂറുകടത്തി. പിന്നാലെ ഫെരെയ്‌ര 20 റൺസെടുത്ത് കൂടാരം കയറി. ജഡേജയും ശുഭം ദുബെയുമാണ് പിന്നീട് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചത്. അവസാന ഓവറിൽ 20 റൺസാണ് ജഡേജ അടിച്ചെടുത്തത്. അതോടെ ടീം 159-ലെത്തി. ജഡേജ 29 പന്തിൽ നിന്ന് 43 റൺസെടുത്തു. ശുഭം ദുബെ 11 പന്തിൽ 19 റൺസെടുത്തു. ലഖ്‌നൗവിനായി മുഹമ്മദ് ഷമി, പ്രിൻസ് യാദവ്, മൗഹ്‌സിൻ ഖാൻ എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു.














































