തൃശൂർ: കോടാലിയിൽ പാമ്പ് കടിയേറ്റ് മരണപ്പെട്ട അൽജോയുടെ വീട്ടിൽ വീണ്ടും ശംഖുവരയൻ പാമ്പിനെ കണ്ടെത്തി. കിടപ്പുമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. പിന്നാലെ വീട്ടുകാരും സമീപവാസികളും ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു.
അതേസമയം, പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള അനോഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. അനോഷിന് നൽകിയിരുന്ന വെന്റിലേറ്ററിന്റെ സഹായം മാറ്റി. അനോഷിന്റെ പേശികൾക്ക് ബലംവെയ്ക്കുകയും അനോഷിനെ എഴുന്നേൽപ്പിച്ച് നിർത്തുകയും ചെയ്തു. അനോഷ് മാതാപിതാക്കളോട് സംസാരിക്കുകയും ചെയ്തു.
അതേസമയം അൽജോയുടെ സംസ്കാരദിവസവും ഇതേ വീട്ടിൽ പാമ്പിനെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും വീടിന്റെ പരിസരത്ത് തീയിടുകയും ചെയ്തിരുന്നു. പ്രദേശത്ത് പാമ്പിൻ കുഞ്ഞുങ്ങൾ ഇനിയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ അന്ന് പറഞ്ഞത്.
തൃശൂർ കോടാലി സ്വദേശികളായ സിൽജോ, ജോൺസി ദമ്പതികളുടെ മക്കളായ അൽജോ, അനോഷ് എന്നിവർക്കായിരുന്നു കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റത്. തലയിണയ്ക്കുള്ളിലുണ്ടായിരുന്ന പാമ്പായിരുന്നു ഇരുവരെയും കടിച്ചത്. രാത്രി ചൂട് കൂടിയത് കാരണം വീടിന്റെ ഹാളിലാണ് കുട്ടികൾ കിടന്നുറങ്ങിയത്. പിന്നീട് അമ്മയും രണ്ടു മക്കളും അടുത്ത മുറിയിലെ കട്ടിലിലേക്ക് മാറിക്കിടന്നു. രാത്രി രണ്ട് മണിയോടെ കുട്ടികൾക്ക് വയറ് വേദനിക്കുന്നു എന്ന് പറഞ്ഞ് ഉറക്കത്തിൽ നിന്നും ഉണർന്നു.
വൈകിട്ട് ഒരു പരിപാടിയിൽ പങ്കെടുത്ത് വീട്ടിൽ മടങ്ങി എത്തിയ ശേഷം കുട്ടികൾ ജ്യൂസ് കഴിച്ചിരുന്നു. അതിനാലാകാം വയറുവേദന എന്ന് കരുതി ജീരകവെള്ളം തിളപ്പിച്ച് നൽകി. പിന്നീട് പുലർച്ചെ 5.30 ഓടെ രണ്ട് കുട്ടികളുടെയും വായിൽ നിന്ന് നുരയും പതയും വരുന്നതാണ് കണ്ടത്. അപ്പോൾ തന്നെ കുട്ടികളുടെ പിതാവ് രണ്ടുപേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുമ്പോഴേക്കും അൽജോ മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പാമ്പുകടിച്ചതായി കണ്ടെത്തുകയായിരുന്നു.














































