വാഷിങ്ടൺ: എഐയുടെ സഹായത്തോടെ അമ്മയേയും ഇളയ സഹോദരനേയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ പതിനേഴുകാരൻ അറസ്റ്റിൽ. അമേരിക്കയിലെ മാസച്യുസെറ്റ്സിലുള്ള ആക്ടണിലാണ് സംഭവം. അർജുൻ അരവിന്ദ് എന്ന കൗമാരക്കാരനാണ് തന്റെ അമ്മയെയും ഇളയ സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. കൊലപാതകം നടത്തുന്നതിനെക്കുറിച്ചുള്ള തന്റെ ഫാന്റസികളും ചിന്തകളും രൂപപ്പെടുത്താൻ ഇയാൾ ‘ചാറ്റ്ജിപിടി’ എന്ന എഐ ചാറ്റ്ബോട്ട് ഉപയോഗിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തി.
ആക്ടണിലെ മാർത്ത ലെയ്നിലുള്ള വീട്ടിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നത്. അർജുന്റെ അമ്മ സുധ വെങ്കിടേശൻ (45), ഇളയ സഹോദരൻ സിദ്ധാർഥ് അരവിന്ദ് (14) എന്നിവരാണ് കൊല്ലപ്പെട്ടത്. സുധയുടെ മൃതദേഹം വീടിന്റെ താഴത്തെ നിലയിലുള്ള ബേസ്മെന്റിലും സിദ്ധാർഥന്റെ മൃതദേഹം ഒന്നാം നിലയിലുമാണ് പോലീസ് കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ ആക്രമിക്കപ്പെട്ടതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. എന്നാൽ മരണകാരണമോ, കൊലപാതകം നടത്താൻ ഉപയോഗിച്ച ആയുധം ഏതാണെന്നോ വ്യക്തത വന്നിട്ടില്ല. കൊലപാതകത്തിനു ശേഷം പ്രതി അമ്മയുടെ കാറിൽ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം ഒരു ട്യൂഷൻ അധ്യാപിക അർജുന്റെ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. ബെൽ അടിച്ചിട്ടും ആരും വാതിൽ തുറക്കാതിരുന്നതോടെ ഇവർ അർജുന്റെ പിതാവിനെ വിവരമറിയിക്കുകയായിരുന്നു. അദ്ദേഹത്തിനും വീട്ടിലുള്ളവരെ ബന്ധപ്പെടാൻ സാധിച്ചില്ല. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിലാണ് സുധയുടെയും സിദ്ധാർഥിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
അതേസമയം അമ്മയേയും സഹോദരനേയും കൊലപ്പെടുത്താനുള്ള സാഹചര്യങ്ങൾ ആസൂത്രണം ചെയ്യാൻ വേണ്ടിയാണ് അർജുൻ ചാറ്റ്ജിപിടി ഉപയോഗിച്ചത്. ദോഷകരമായ ചോദ്യങ്ങൾ തടയുന്നതിനും മറുപടി നൽകാതിരിക്കുന്നതിനുമുള്ള സുരക്ഷാസംവിധാനങ്ങൾ ചാറ്റ്ജിപിടിയിലുണ്ടെങ്കിലും ചാറ്റ്ബോട്ടിനെ തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചാണ് അർജുൻ കൊലപാതകത്തിന് പദ്ധതി തയാറാക്കിയത്
കൊലപാതകം ചെയ്യാനുള്ള മാർഗങ്ങൾ നേരിട്ടു ചോദിക്കുന്നതിനു പകരം അത്തരം സാഹചര്യങ്ങൾ സങ്കൽപ്പിക്കാനും കഥാപാത്രങ്ങൾ സൃഷ്ടിച്ചെടുക്കാനുമെല്ലാം അർജുൻ ആവശ്യപ്പെട്ടു. ഈ ആശയങ്ങളിലൂന്നി ചാറ്റ്ജിപിടിയുടെ സഹായത്തോടെ ഗോഥിക് ശൈലിയിലുള്ള (ഭയം, മരണം, ദുരൂഹത എല്ലാമുൾപ്പെടുന്ന കഥകൾ) സാങ്കല്പിക കഥകൾ തയ്യാറാക്കിയാണ് അർജുൻ കൊലപാതക പദ്ധതി ആവിഷ്കരിച്ചത്.
അതേസമയം അമ്മയുടെ കാറിൽ രക്ഷപ്പെട്ട അർജുനെ ബുധനാഴ്ച പുലർച്ചെ മസാച്യുസെറ്റ്സിലെ വെയ്ലൻഡിലാണ് കണ്ടെത്തിയത്. അന്വേഷണത്തിനിടെ അർജുൻ അടുത്തിടെ ആശങ്കപ്പെടുത്തുന്ന പെരുമാറ്റം പ്രകടിപ്പിച്ചിരുന്നതായി കണ്ടെത്തിയെന്ന് മിഡിൽസെക്സ് ജില്ലാ അറ്റോർണി ഓഫീസ് അറിയിച്ചു. അർജുനെ ആദ്യം പ്രാദേശിക ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. എന്നാൽ കൊലക്കുറ്റങ്ങളിൽ ജുവനൈൽ കോടതിക്ക് അധികാര പരിധിയില്ലാത്തതിനാൽ പിന്നീട് കൊലക്കുറ്റങ്ങളും അനുബന്ധ ആക്രമണക്കുറ്റങ്ങളും സംബന്ധിച്ച നടപടികൾ ജില്ലാ കോടതിയിൽ നടക്കും.




