മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയമായ അധിക്ഷേപമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കെ സി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. രാജ്യം മുഴുവൻ അറിയപ്പെടുന്ന ഒരു മുതിർന്ന നേതാവിന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരായ ദളിത് വിഭാഗങ്ങളുടെ സ്ഥിതി എന്താകുമെന്നും എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി ചോദ്യമുയർത്തി. ഖർഗെക്കെതിരായ ജാതി അധിക്ഷേപത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ രാഹുൽ ഗാന്ധിക്കെതിരായ ആലിംഗന വിവാദത്തിലും കെ സി വേണുഗോപാൽ പ്രതികരിച്ചു. രാഹുൽ ഗാന്ധി ആരെയും വ്യക്തിപരമായി അപമാനിച്ചിട്ടില്ലെന്നായിരുന്നു കെസിയുടെ മറുപടി. അദാനിക്ക് വേണ്ടി ട്രംപിന് മുന്നിൽ അടിയറ വെച്ചതാണോ ഇന്ത്യയുടെ വിദേശനയമെന്നും ചോദിച്ച കെ സി വേണുഗോപാൽ, പറഞ്ഞ നിലപാടുകളിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യം കോൺഗ്രസിനുണ്ടെന്നും കൂട്ടിച്ചേർത്തു.
അതേസമയം രചനാത്മക് കോൺഗ്രസ് ദേശീയ കൺവെൻഷനിലായിരുന്നു രാഹുൽഗാന്ധിയുടെ വിവാദമായ ആലിംഗനം. വിദേശ രാഷ്ട്രത്തലവന്മാരെ കെട്ടിപ്പിടിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ രീതിയെ വിമർശിച്ചുകൊണ്ട്, നരേന്ദ്ര മോദിയുടെ നയതന്ത്ര ശൈലിയെയാണ് രാഹുൽ ഗാന്ധി പരിഹസിക്കാൻ ശ്രമിച്ചത്. ഇതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പരാതി തള്ളി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി രംഗത്തെത്തി. ഖർഗെയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധിച്ച സംഘടനയ്ക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്നും, വിഷയം ദളിത് വിരുദ്ധമായി ചിത്രീകരിച്ച് ഖർഗെ ഇരവാദം ഉന്നയിക്കുകയാണെന്നും ധാമി ആരോപിച്ചു. ഹൽദ്വാനിയിൽ നടന്ന കോൺഗ്രസ് റാലിയിൽ പ്രസംഗിച്ച് മടങ്ങിയതിന് ശേഷം ബി ജെ പി പ്രവർത്തകർ വേദി ശുദ്ധീകരിച്ചെന്നും താൻ ദളിതനായതുകൊണ്ടാണെന്ന് അങ്ങനെ ചെയ്തതെന്നും അപമാനിതനായെന്നുമാണ് മല്ലികാർജുൻ ഖർഗെ ഇന്നലെ രാജ്യസഭയിൽ പരാതി ഉന്നയിച്ചത്. എന്നാൽ വേദി ശുദ്ധീകരിച്ച ശ്രീ രാം സേനയെന്ന സംഘടനയുമായി ബി ജെ പിക്ക് ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. ബാബു ജഗ്ജീവൻ റാം, സീതാറാം കേസരി, ഡോ. ബി ആർ അംബേദ്കർ തുടങ്ങിയ ദളിത് നേതാക്കളോട് കോൺഗ്രസ് സ്വീകരിച്ച സമീപനം എന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാമെന്നും പുഷ്കർ സിംഗ് ധാമി അഭിപ്രായപ്പെട്ടു.




