പാലക്കാട്: അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. മൃതദേഹങ്ങൾ കണ്ടെത്തിയ ചാക്കുകളിലൊന്നിൽ നിന്നാണ് പോലീസിന് പ്രധാന സൂചന ലഭിച്ചത്. കോയമ്പത്തൂരിൽനിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങൾ എത്തിക്കാൻ ഉപയോഗിച്ച ചാക്കാണിതെന്നാണ് പ്രാഥമിക നിഗമനം. ചാക്കിലെ എഴുത്തുകളിൽനിന്നാണ് ഈ വിവരം വ്യക്തമായത്.
ചാക്കിന്റെ ഉറവിടം കേന്ദ്രീകരിച്ച് പുതൂർ പോലീസ് അന്വേഷണം ശക്തമാക്കി. സംഭവത്തിന് പിന്നിലെ പ്രതിയെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചതായാണ് വിവരം. അട്ടപ്പാടിയിലെ തോട്ടം തൊഴിലാളിയായ ഒരാളാണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസിന്റെ സംശയം.
മരിച്ചവർ ഇതര സംസ്ഥാനക്കാരാണെന്നാണ് നിലവിലെ സൂചന. ഭാര്യയെയും മകളെയും കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങൾ ചാക്കിലാക്കി പുഴയിൽ ഉപേക്ഷിച്ചതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. മരിച്ചവർ ബംഗാൾ സ്വദേശികളാകാമെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
അട്ടപ്പാടി പുതൂരിലെ ചീരക്കടവിൽ ഭവാനിപ്പുഴയോരത്തുനിന്നാണ് മൂന്ന് ചാക്കുകളിലായി മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പശുവിനെ മേയ്ക്കാൻ പോയവരാണ് പുഴയോരത്ത് ഒഴുകിയെത്തിയ ചാക്കുകൾ കണ്ടത്. സംശയം തോന്നിയതിനെ തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസും ഫോറൻസിക് സംഘവും നടത്തിയ പരിശോധനയിലാണ് ചാക്കുകളിൽനിന്ന് അമ്മയുടെയും പെൺകുട്ടിയുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് നാല് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹങ്ങൾ വിശദമായ പരിശോധനയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അട്ടപ്പാടിയിലും തമിഴ്നാട് അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലും അടുത്ത ദിവസങ്ങളിൽ കാണാതായവരുടെ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ചാക്കുകൾ അട്ടപ്പാടിയിലെത്തിയ വഴിയും മൃതദേഹങ്ങൾ പുഴയിൽ ഉപേക്ഷിച്ച സാഹചര്യവും കേന്ദ്രീകരിച്ചുള്ള അന്വേഷണവും ശക്തമാക്കി.
സംഭവത്തിൽ ഒരാൾ മാത്രമാണോ അതോ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.






