തൃശ്ശൂർ: കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ച ഡിണ്ടിഗൽ എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ മദ്യപിച്ചിരുന്നതായി പോസ്റ്റുമോർട്ടം പരിശോധനയിൽ സൂചന. മരിച്ച വിദ്യാർഥികളുടെ ശരീരത്തിൽ മദ്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനമെന്ന് പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകിയ തൃശ്ശൂർ മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു.
കൂടുതൽ പരിശോധനയ്ക്കായി ശരീരസാമ്പിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിക്കുന്നതോടെ മദ്യപാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരും. രാസലഹരി ഉപയോഗിച്ചിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്.
അതിനിടെ, അപകടത്തിന് മുൻപ് തളിക്കുളത്തെ ഹോട്ടലിൽവെച്ച് വിദ്യാർഥികൾ തർക്കത്തിലേർപ്പെട്ടിരുന്നതായും വിവരമുണ്ട്. ഹോട്ടലിലുണ്ടായിരുന്നവരുമായി സംഘത്തിന് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതോടെ വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തുമെന്ന് അറിഞ്ഞ സംഘം കാറിൽ കയറി അവിടെനിന്ന് പോയതായാണ് വിവരം.
ശനിയാഴ്ച പുലർച്ചെ 12 മണിയോടെയാണ് കയ്പമംഗലം ദേശീയപാതയിലെ പനമ്പിക്കുന്ന് സെന്ററിൽ നാടിനെ നടുക്കിയ അപകടമുണ്ടായത്. ഡിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കയറ്റം കയറി ഇറങ്ങുന്ന നേരെയുള്ള റോഡിൽ കാർ വലിയ വേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പോലീസ് വിവിധ തലങ്ങളിൽ അന്വേഷണം തുടരുകയാണ്. റോഡരികിൽ ലോറി നിർത്തിയിട്ടിരുന്നതും അപകടസമയത്തെ കാറിന്റെ വേഗതയും ഉൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷണപരിധിയിലുണ്ട്.






