കോഴിക്കോട്: കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിലെ റാഗിങ് കേസിൽ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് അയക്കാതെ രക്ഷിതാക്കളുടെ കൂട്ട പ്രതിഷേധം. റാഗിങ്ങിന് ഇരയായ ഒമ്പതാം ക്ലാസുകാരിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എൺപതോളം കുട്ടികളെയാണ് രക്ഷിതാക്കൾ സ്‌കൂളിൽ വിടാതെ പ്രതിഷേധിക്കുന്നത്. കുട്ടികളെ കൊണ്ടുപോകാൻ എത്തിയ സ്‌കൂൾ ബസിലെ ഡ്രൈവറുടെ കൈവശം രക്ഷിതാക്കൾ പ്രതിഷേധ കാരണം അറിയിച്ചുള്ള പേപ്പർ ഒപ്പിട്ട് നൽകുകയും ചെയ്തു.
മേപ്പള്ളി ഏരിയയിലെ രക്ഷിതാക്കളാണ് സ്‌കൂളിനെ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. പൊതു പ്രതിഷേധത്തിന്റെ ഭാഗമാണിതെന്നും ആരോപണ വിധേയരായ കുട്ടികൾക്കെതിരായ നടപടി സസ്‌പെൻഷനിൽ ഒതുക്കരുത്. ടിസി നൽകി പുറത്താക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
‘നേരത്തെ ഈ കുട്ടികൾക്കെതിരെ കോമ്പസ് വെച്ചുകുത്തിയെന്ന പരാതി ഉയർന്നിരുന്നു. അത് ഒത്തുതീർപ്പാക്കിയെന്നാണ് അറിയാൻ കഴിഞ്ഞത്. മാനേജ്‌മെന്റിനും പിടിഎയ്ക്കും അധ്യാപകർക്കും ഉണ്ടായ വീഴ്ച പരിശോധിക്കാൻ വേണ്ടിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും രക്ഷിതാക്കൾ പറഞ്ഞു.
അതേസമയം സ്‌കൂളിലെ ഓണാഘോഷത്തിലെ ഡ്രസ് കോഡുമായി ബന്ധപ്പെട്ട തർക്കം അധ്യാപകരെ അറിയിക്കുമെന്ന് പറഞ്ഞതാണ് തർക്കത്തിലും റാഗിംഗിലും കലാശിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പത്താം ക്ലാസ് വിദ്യാർത്ഥിനി വാഷ്‌റൂമിൽ കൊണ്ടുപോയി മർദ്ദിച്ചെന്നാണ് പരാതി. സംഭവത്തിൽ ആരോപണ വിധേയരായ രണ്ട് വിദ്യാർത്ഥികളെ സ്‌കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.






