പാരീസ്: ഇറാനുമായുള്ള സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെക്കാൻ വെറും 48 മണിക്കൂറുകൾ മാത്രം ശേഷിക്കെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ധാരണാപത്രം അന്തിമമല്ലെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് ഇറാൻ അത് പാലിച്ചില്ലെങ്കിൽ അവരുടെ നെറുംതലയിൽ ബോംബിടുമെന്നും ട്രംപ് പറഞ്ഞു. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെയാണ് ട്രംപിന്റെ പ്രതികരണം.
കരാർ പൂർത്തിയായതായി മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും, ധാരണാപത്രം (MoU) ഇപ്പോഴും അന്തിമ രൂപത്തിൽ എത്തിയിട്ടില്ല. കരാർ ഒപ്പുവെച്ചതിന് ശേഷമുള്ള ഇറാന്റെ നിലപാടും പ്രവർത്തനവുമാകും ഭാവിയിലെ യുഎസ് നീക്കങ്ങളെ നിർണയിക്കുക എന്നും അദ്ദേഹം പറഞ്ഞു.
‘ഇല്ല, ഇത് അന്തിമമല്ല. ഇതൊരു ധാരണാപത്രം മാത്രമാണ്. എനിക്കിത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞങ്ങൾ അവരെ വെടിവെച്ച് തിരികെപോരും. ധാരണയിൽ അവർ മോശമായി പെരുമാറിയാൽ, ഞങ്ങൾ അവരുടെ നെറുംതലയിൽ ബോംബുകൾ വർഷിക്കും. കാരണം അവർ 47 വർഷമായി മോശമായി പെരുമാറുന്നു.’ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിക്കൊപ്പം ഇരുന്നുകൊണ്ട് ട്രംപ് പറഞ്ഞു.
അതേസമയം, യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് കരാർ ഇതിനകം ഡിജിറ്റൽ രീതിയിൽ ഒപ്പുവെച്ചതായി വെളിപ്പെടുത്തി. എന്നാൽ, ഇറാൻ കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിനെ ആശ്രയിച്ചായിരിക്കും ഉപരോധ ഇളവുകൾ ലഭിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
എബിസി ന്യൂസിനോട് സംസാരിച്ച വാൻസ്, ഡിജിറ്റൽ ഒപ്പുവെപ്പിന് പിന്നാലെ ഇറാനിന് യാതൊരു സാമ്പത്തിക ഇളവും നൽകിയിട്ടില്ലെന്നും, അത് ഉടൻ മാറാനിടയില്ലെന്നും പറഞ്ഞു. “ഇത് പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള കരാറാണ്. ഇറാൻ സമ്പുഷ്ട യുറേനിയം ശേഖരം ഇല്ലാതാക്കുന്നതുപോലുള്ള നടപടികൾ സ്വീകരിച്ചാൽ മാത്രമേ ഉപരോധ ഇളവുകൾ ലഭിക്കൂ,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ ആണവായുധ നിർമ്മാണത്തിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമായ പരിശോധനാ സംവിധാനങ്ങൾ അനുവദിച്ചാൽ മാത്രമേ കൂടുതൽ ഇളവുകൾ ലഭിക്കൂ എന്നും വാൻസ് പറഞ്ഞു. കരാർ വിജയകരമായി നടപ്പിലാക്കിയാൽ ഇറാനെ ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് വീണ്ടും ഉൾപ്പെടുത്താനുള്ള അവസരമുണ്ടാകുമെന്ന് വാൻസ് വിലയിരുത്തി. “ഇറാൻ ശരിയായ വഴിയിൽ നീങ്ങിയാൽ ലോക സമ്പദ്‌വ്യവസ്ഥയിൽ അവരെ സ്വാഗതം ചെയ്യാനാകും,” അദ്ദേഹം പറഞ്ഞു.
എന്നാൽ, മേഖലയിലെ സംഘർഷങ്ങൾ കരാർ നടപ്പാക്കലിനെ സങ്കീർണമാക്കാൻ സാധ്യതയുണ്ടെന്ന് വാൻസ് സമ്മതിച്ചു. പ്രത്യേകിച്ച് ഇസ്രയേൽ കരാറിൽ ബാധ്യതയില്ലെന്ന നിലപാടും ലെബനനിലെ സൈനിക സാന്നിധ്യവും പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും, കരാർ മേഖലയിൽ സമാധാനത്തിനും സ്ഥിരതയ്ക്കും വഴിയൊരുക്കുമെന്ന് വാൻസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

















































