കോട്ടയം: ആനപ്രേമികൾക്കിടയിൽ ‘ഗജകൗസ്തുഭം’ എന്ന വിശേഷണമുള്ള പല്ലാട്ട് ബ്രഹ്മദത്തൻ മിന്നലേറ്റ് ചരിഞ്ഞു. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ മേലമ്പാറയിലായിരുന്നു സംഭവം. ഉടമയുടെ വീടിന് സമീപം തളച്ചിരുന്ന ആന കനത്ത മഴയ്ക്കിടെ ഉണ്ടായ ഇടിമിന്നലേറ്റാണ് ചരിഞ്ഞത്.
കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ബ്രഹ്മദത്തൻ. തൃശൂർ പൂരം ഉൾപ്പെടെ കേരളത്തിലെ വിവിധ ഉത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു ബ്രഹ്മദത്തൻ. നീരിളക്കത്തെ തുടർന്ന് മേലമ്പാറയിലെ വീട്ടുവളപ്പിൽ തളച്ചിട്ടിരിക്കെയാണ് അപകടം.
ഇടിമിന്നലേറ്റ് ആന ചരിയുന്നത് അപൂർവ സംഭവമാണെന്നാണ് ആനപ്രേമികൾ പറയുന്നത്. കേരളത്തിൽ ഇതിന് മുമ്പ് സമാനമായ സംഭവം ഒരിക്കൽ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചിറക്കടവ് ചാമപ്പറ്റം കൃഷ്ണൻകുട്ടി എന്നറിയപ്പെട്ടിരുന്ന തിരുവപ്പള്ളിൽ കൃഷ്ണൻകുട്ടിയാണ് ഇതിന് മുമ്പ് മിന്നലേറ്റ് ചരിഞ്ഞ ആന. 2014ൽ പാലാ കടപ്പാട്ടൂരിലായിരുന്നു സംഭവം.
അരുണാചൽ പ്രദേശിൽനിന്നാണ് ബ്രഹ്മദത്തനെ കേരളത്തിലെത്തിച്ചത്. ഒന്നാം പാപ്പാനായിരുന്ന ദാമോദരൻ നായരോടുള്ള ആത്മബന്ധത്തിന്റെ പേരിലും ബ്രഹ്മദത്തൻ ശ്രദ്ധ നേടിയിരുന്നു. 2003ൽ ഒരു ഉത്സവത്തിനിടെ ദാമോദരൻ നായരെ ആക്രമിക്കാനെത്തിയ മറ്റൊരു ആനയെ കുത്തിമാറ്റി പാപ്പാനെ രക്ഷിച്ച സംഭവവും ബ്രഹ്മദത്തന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ ഏടാണ്.
ദാമോദരൻ നായർ മരിച്ചപ്പോഴും ബ്രഹ്മദത്തന്റെ പ്രതികരണം ഏറെ ശ്രദ്ധ നേടിയിരുന്നു. പാപ്പാനോടുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ആ രംഗം അന്ന് ഏറെ വൈകാരികമായ വാർത്തയായി. ഇപ്പോൾ അപ്രതീക്ഷിതമായ മിന്നലപകടത്തിൽ ബ്രഹ്മദത്തൻ ചരിഞ്ഞതോടെ ആനപ്രേമികൾക്കിടയിൽ വലിയ ദുഃഖമാണ്.




