തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾക്കെതിരേ രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. സ്വകാര്യ ആശുപത്രികളിൽ 60 ശതമാനവും വിദേശ നിക്ഷേപങ്ങളാണെന്നും നിയന്ത്രണം വിദേശ കമ്പനികളുടെ കൈയിലാണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ പോകുന്നവർ സൂക്ഷിക്കണമെന്നും സർക്കാർ ആശുപത്രികളെ തകർക്കലാണ് വിദേശ കമ്പനികളുടെ ലക്ഷ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ അനസ്തേഷ്യയിലെ പിഴവുമൂലം രോഗിമരിക്കാനിടയായ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘സ്വകാര്യ ആശുപത്രികളുടെ തോന്ന്യവാസം ഒരിക്കലും അനുവദിക്കില്ല. ഇതുപോലുള്ള ആശുപത്രികളിൽ 60 ശതമാനം വിദേശ നിക്ഷേപമാണ്. അവരുടെ നിയന്ത്രണത്തിലല്ല കാര്യങ്ങൾ. അതുകൊണ്ട് അവിടെ പോകുന്നവർ സൂക്ഷിക്കുക. വിദേശ കമ്പനികളുടെ ലക്ഷ്യം സർക്കാർ ആശുപത്രികളെ തകർക്കലാണ്. അതനുസരിച്ച് ഞങ്ങൾ അതിനെ നേരിടും’, മുരളീധരൻ പറഞ്ഞു.
രോഗി മരിച്ച വിഷയത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കാനുണ്ട്. എടുത്തുചാടിപ്പോയാൽ കോടതിയിൽനിന്ന് സ്റ്റേ കിട്ടും. നിയമപരമായ എല്ലാ വശങ്ങളും പരിശോധിക്കും. നടപടി ഉണ്ടാകും എന്ന കാര്യത്തിൽ തർക്കം വേണ്ട. വിഷയത്തിൽ കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്നും കുറ്റക്കാർക്കെതിരേ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.






