തിരുവനന്തപുരം: സിഎംആർഎൽ- എക്‌സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഉദ്യേഗസ്ഥരെ പാർട്ടി പ്രവർത്തകർ ആക്രമിച്ച പ്രതികരിച്ച് സിപിഎം നേതാവ് ഇ പി ജയരാജൻ. റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥർ പക്വമായ നിലപാടാണോ സ്വീകരിച്ചതെന്ന് ഇ പി ജയരാജൻ ചോദിച്ചു.
‘ഇവിടെ ബോധപൂർവ്വം പ്രശ്‌നമുണ്ടാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. ഒരു വലിയ ജനക്കൂട്ടം ക്ഷുഭിതരായി പുറത്തുനിൽക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുമ്പോൾ അവർക്കിടയിലേക്ക് കാറുമെടുത്ത് പോകാൻ പറ്റുമോ? സ്വാഭാവികമായും അവരിൽ നിന്ന് പ്രതികരണം ഉണ്ടാകില്ലേ?. ഇവിടെ പിണറായിയിൽ എല്ലാവരേയും മാറ്റി നിർത്തിയിട്ടല്ലേ അവർ പോയത്’, ഇ പി ജയരാജൻ ചോദിച്ചു.
തിരുവനന്തപുരത്ത് പ്രകോപനം മന:പൂർവം ഉണ്ടാക്കാൻ ശ്രമിച്ചു. ക്ഷുഭിതനായ ആളുകളുടെ ഇടയിലൂടെ ഉദ്യോഗസ്ഥർ പോയാൽ ഏത് ഗാന്ധിയനായാലും പ്രതികരിക്കും. ബോധപൂർവ്വമാണ് ഈ സാഹചര്യം ഉണ്ടാക്കിയത്. സമാധാനപരമായ അന്തരീക്ഷത്തെ തകർക്കാൻ ആർഎസ്എസ്- ബിജെപി- കോൺഗ്രസ് അജണ്ട നടപ്പിലാക്കി സിപിഎമ്മിനെ തകർക്കാനാണ് ശ്രമം. അങ്ങനെ തകർക്കാനാകില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.
അതേസമയം ബിനീഷ് കോടിയേരിക്കെതിരായ ഇ ഡി അന്വേഷണത്തിൽ അന്ന് പാർട്ടി സെക്രട്ടറി കോടിയേരി പറഞ്ഞതാണ് പാർട്ടി നിലപാടെന്നും ഇ പി ജയരാജൻ പറഞ്ഞു. സാഹചര്യത്തിനനുസരിച്ചായിരിക്കും ഓരോ കാലത്തും പാർട്ടി നിലപാട്. പഴയകാര്യങ്ങൾ ചോദിക്കുന്നത് ദുരുദ്ദേശപരമാണെന്നും ഇ പി ജയരാജൻ പറഞ്ഞു. ‘അന്ന് കോടിയേരിയാണ് പാർട്ടി സെക്രട്ടറി. അദ്ദേഹം തന്നെ നിലപാട് പറഞ്ഞിട്ടുണ്ട്. ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല’- ഇ പി ജയരാജൻ പറഞ്ഞു.

















































