തിരുവനന്തപുരം: കേരള പൊലീസ് തലപ്പത്ത് വീണ്ടും സമഗ്ര മാറ്റങ്ങൾ. ജയിൽ മേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പി. പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറക്കി. സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും എസ്. ശ്രീജിത്ത് ജയിൽ മേധാവിയായി തന്നെ തുടരും.
എ.ഡി.ജി.പി. സ്ഥാനത്തിരിക്കെ മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കെയാണ് ശ്രീജിത്തിന് സ്ഥാനക്കയറ്റം ലഭിക്കുന്നത്. എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ സസ്പെൻഷനിലായതോടെയാണ് ശ്രീജിത്തിന് സ്ഥാനക്കയറ്റത്തിന് വഴിയൊരുങ്ങിയത്.
നവകേരള സദസിനിടെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഗൺമാൻമാരുമായി ബന്ധപ്പെട്ട ‘രക്ഷാപ്രവർത്തന’ കേസിൽ അട്ടിമറിക്ക് ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്.
Related Post
സ്ഥാനചലനങ്ങളുടെ ഭാഗമായി മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്തയെ ബെവ്കോ സി.എം.ഡി.യായി നിയമിച്ചു. ബൽറാം കുമാർ ഉപാധ്യായയ്ക്ക് ഫയർഫോഴ്സ് മേധാവിയുടെ ചുമതലയും നൽകി.
സംസ്ഥാനത്തെ ക്രമസമാധാനവും ഭരണനിർവഹണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് തലപ്പത്തെ പുതിയ അഴിച്ചുപണിയെന്നാണ് സർക്കാർ വിശദീകരണം.






