തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധയിടങ്ങളിൽ മഴക്കെടുതി രൂക്ഷമായി. പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. തേക്കുതോട് കൊച്ചുപാലം വെള്ളത്തിൽ മുങ്ങി. പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയരുകയാണ്.
വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കൊക്കയാറിൽ വീടുകളിൽ വെള്ളം കയറി.
ഇടുക്കി കുടയത്തൂർ അടൂർമലയിലും മണ്ണിടിച്ചിലുണ്ടായി. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. രവിയുടെ ഭാര്യ സുമതി വീടിനുള്ളിൽ അകപ്പെട്ടിരിക്കുകയാണ്.
ഏലപ്പാറ ചെമ്മണ്ണ് ഭാഗത്തും വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു. ഇവിടെയും ഒരാൾ കുടുങ്ങിയതായി വിവരമുണ്ട്. വിവിധ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.


















































