ആലപ്പുഴ: മുതുകുളത്ത് 80കാരിയായ തങ്കമ്മയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസി അറസ്റ്റിൽ. തങ്കമ്മയുടെ അയൽവാസിയും അകന്ന ബന്ധുവുമായ പ്രകാശൻ (50) ആണ് പിടിയിലായത്. സ്വർണവും പണവും കവരാനായിരുന്നു കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. പോലീസ് തന്നെ സംശയിക്കില്ലെന്ന ആത്മവിശ്വാസത്തിൽ കൊലപാതകത്തിന് ശേഷവും ഇയാൾ നാട്ടിൽതന്നെ തങ്ങുകയായിരുന്നു.
എസ്.പി.യുടെ മേൽനോട്ടത്തിൽ മൂന്നുസംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അയൽവാസിയായ പ്രതിയിലേക്ക് പോലീസ് എത്തിയത്. മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിച്ചിരുന്നെങ്കിലും തലയുടെ പിന്നിൽ അടിയേറ്റതുപോലുള്ള പരിക്കുണ്ടായിരുന്നു. അടിയേറ്റ് അബോധാവസ്ഥയിലായ തങ്കമ്മയെ ജീവനോടെ കായലിൽ കെട്ടിത്താഴ്ത്തിയതാകാമെന്ന സംശയവും പോലീസിനുണ്ടായിരുന്നു.
തങ്കമ്മയെയും വീടിനെയുംകുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് കൊലപാതകിയെന്നും പോലീസ് ആദ്യമേ സംശയിച്ചിരുന്നു. ഇതുപ്രകാരം നാട്ടുകാരിൽ ചിലരെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് പോലീസ് പ്രതിയിലേക്ക് എത്തിച്ചേർന്നത്.


















































