കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജോസഫ് ഇന്ന് കോടതിയിലെത്തിയത് ജീൻസും ടോപ്പും ധരിച്ച് പുതിയ ലുക്കിൽ. ജീൻസും ടോപ്പും അണിഞ്ഞാണ് ജോളി മാറാട് പ്രത്യേക കോടതിയിൽ എത്തിയത്. ജോളിയുടെ പുതിയ വേഷം ശ്രദ്ധയിൽപ്പെട്ടതോടെ ഇവരെ കാണാൻ ആളുകൾ കൂടി. പിന്നാലെ പൊലീസ് ജോളിയെ കോടതിക്കുള്ളിലേക്ക് മാറ്റി. സ്പൈറൽ ബൈൻഡ് ചെയ്ത ഒരു കെട്ട് പേപ്പറുകളും ജോളിയുടെ കൈയിലുണ്ടായിരുന്നു.
അതിനിടെ, പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ജോളി ജോസഫ്. കോഴിക്കോട് സബ് ജയിലിൽ തടവുകാരിയായി കഴിയുന്ന ജോളി പരീക്ഷയെഴുതുന്നതിനായി കണ്ണൂർ വനിതാ ജയിലിലെത്തിയത് നേരത്തെ വാർത്തയായിരുന്നു. ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബി.എ. ഹിസ്റ്ററി പരീക്ഷയാണ് ജോളി എഴുതുന്നത്.
ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയാണ് ഇപ്പോൾ ജോളി. ആകെ എട്ട് പേപ്പറുകളാണ് ഇത്തവണ എഴുതാനുള്ളത്. ജയിലിലെ തന്നെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ക്ലാസുകൾ നയിക്കുന്നത്.
കൂടത്തായി കൊലപാതക പരമ്പര കേസിൽ ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ അവസാന ഘട്ടത്തിലാണ്. ഇതുമായി ബന്ധപ്പെട്ടാണ് ജോളി ഇന്ന് കോടതിയിൽ ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ആർ. ഹരിദാസ് കഴിഞ്ഞ മൂന്ന് തവണ കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് വിചാരണ മാറ്റിവെക്കുകയായിരുന്നു. മാറാട് പ്രത്യേക കോടതി ജഡ്ജി കെ. സുരേഷ്‌കുമാർ മുൻപാകെ സിലി വധക്കേസിലെ കുറ്റപത്രത്തിൽ വാദം പൂർത്തിയായിരുന്നു.
2011ലാണ് ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മരിച്ചത്. റോയ് തോമസിന്റെ സഹോദരൻ സംശയം ഉന്നയിച്ച് പൊലീസിനെ സമീപിച്ചതിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് റോയ് തോമസ് ഉൾപ്പെടെയുള്ളവരുടെ മരണത്തിൽ ജോളിക്ക് പങ്കുണ്ടെന്ന കണ്ടെത്തലിലേക്ക് അന്വേഷണ സംഘം എത്തിയത്. 2019 ഒക്ടോബറിലാണ് ജോളിയെ കോഴിക്കോട് റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാൻ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെക്കുറിച്ച് നടത്തിയ രഹസ്യ അന്വേഷണത്തിനിടെയാണ് കൊലപാതക പരമ്പരയുടെ വിവരങ്ങൾ പുറത്തുവന്നത്.
അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയിൽ മാത്യു, സിലി, സിലിയുടെ രണ്ടര വയസുകാരിയായ മകൾ ആൽഫൈൻ എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടത്. 2011ൽ സയനൈഡ് ഉള്ളിൽച്ചെന്ന് മരിച്ച റോയ് തോമസ് യഥാർഥത്തിൽ കൊല്ലപ്പെട്ടതാണെന്ന് ഡിവൈഎസ്പി ആർ. ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തുകയായിരുന്നു. വടകര എസ്.പിയായിരുന്ന കെ.ജി. സൈമണിന്റെ മേൽനോട്ടത്തിൽ ആറ് അന്വേഷണ സംഘങ്ങളെ രൂപീകരിച്ച് മറ്റ് കൊലപാതക കേസുകളിലും കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

















































