ന്യൂഡൽഹി: ദക്ഷിണ ഡൽഹിയെ ഞെട്ടിച്ച 11 കാരിയുടെ കൊലപാതകം കേസിൽ അറസ്റ്റിലായ കാബ് ഡ്രൈവർ തെളിവെടുപ്പിനിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമം. പിന്നാലെ കാലിന് വെടിവെച്ചിട്ട് പോലീസ്. കേസിൽ പ്രതിയായ ബാഷു കുമാർ സിംഗ് (29) എന്നയാൾക്ക് കാലിൽ വെടിയേറ്റതായി പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച മണ്ടി റോഡ്–ഫതേപുർ ബെരി പ്രദേശത്തായിരുന്നു സംഭവം. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ തെളിവെടുപ്പിനു കൊണ്ടുപോയപ്പോഴാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. ഈ സമയത്ത് ഒരു പോലീസുകാരന്റെ സർവീസ് പിസ്റ്റൾ ഇയാൾ പിടിച്ചെടുക്കാൻ ശ്രമിച്ചതോടെ സംഘർഷം ഉണ്ടായതായും അധികൃതർ വ്യക്തമാക്കി.
“സംഘർഷത്തിനിടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. സ്വയംരക്ഷയ്ക്കും ഇയാളെ തടയുന്നതിനുമായി പോലീസ് വെടിവെച്ചു. കാലിൽ വെടിയേറ്റതോടെ ഇയാളെ നിയന്ത്രണത്തിലാക്കി,” എന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. വെടിയേറ്റ പ്രതിയെ ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. രക്ഷപ്പെടാൻ ശ്രമിച്ചതിന് ബന്ധപ്പെട്ട് അധിക നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.
മെഹ്രൗളിയിലെ ചത്തർപൂർ മെട്രോ സ്റ്റേഷൻ സമീപത്ത് ഫുട്പാത്തിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദിവസവേതന തൊഴിലാളികളായ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തിങ്കളാഴ്ച പുലർച്ചെയാണ് പ്രതി തട്ടിക്കൊണ്ടുപോയതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഒരു വാഹനം വേഗത്തിൽ പോകുന്നത് കണ്ട പിതാവിന് സംശയം തോന്നി, പിന്നാലെ മകളെ കാണാതായതായി തിരിച്ചറിഞ്ഞതോടെ പോലീസ് കൺട്രോൾ റൂമിലേക്ക് വിവരം അറിയിച്ചു.
തുടർന്ന് വലിയ തിരച്ചിൽ ആരംഭിച്ചു. ഏകദേശം 200ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സാങ്കേതിക നിരീക്ഷണം ഉപയോഗിച്ച് പ്രതിയെ ആറു മണിക്കൂറിനകം പശ്ചിമ ഡൽഹിയിൽ നിന്ന് പിടികൂടുകയും ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ഡൽഹി-ഹരിയാന അതിർത്തിക്കു സമീപമുള്ള ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത് പിന്നീട് കൊലപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു. തുടർന്ന് മൃതദേഹം ഫരീദാബാദ്–ഗുരുഗ്രാം റോഡിനടുത്തുള്ള കാടുവളപ്പിൽ കല്ലുകൾക്കടിയിൽ മറച്ചുവെക്കാൻ പ്രതി ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ചോദ്യം ചെയ്യലിൽ ഇയാൾ വ്യത്യസ്തമായ വിവരങ്ങൾ നൽകിയതായും അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് കണ്ടെത്തലുകളും കേസിന്റെ ഗതിയെ നിർണ്ണയിക്കുന്നതിൽ നിർണായകമാകും. ഇതുവരെ മറ്റാരുടേയും പങ്കാളിത്തം കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറയുന്നു. ഭാരതീയ ന്യായ സൻഹിത (BNS)യും പോക്‌സോ നിയമവും പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റപത്രം വേഗത്തിൽ സമർപ്പിക്കുമെന്നും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.














































