മഹാരാഷ്ട്ര: കേതൻ അഗർവാൾ എന്ന യുവ വ്യവസായിയെ കൊലപ്പെടുത്തിയ ശേഷം ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ച് പ്രതിശ്രുത വധു സിയ ഗോയൽ (20). ചിത്രങ്ങൾ എടുക്കുന്നതിനിടയിൽ അബദ്ധത്തിൽ കൊക്കയിലേക്ക് വീണുള്ള അപകട മരണമെന്നാണ് കരുതിയതെങ്കിലും, സിയയുടെയും അവരുടെ കാമുകൻ ചേതൻ ചൗധരിയുടെയും കൃത്യമായ ആസൂത്രണത്തിലൂടെ നടന്ന കൊലപാതകമായിരുന്നു ഇതെന്ന് പൊലീസ് കണ്ടെത്തി. ലോണാവാലക്ക് സമീപമുള്ള ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ വെച്ചാണ് സിയയും കാമുകനും ചേർന്ന് കേതനെ താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്.
തങ്ങളുടെ പ്രണയത്തിനും വിവാഹത്തിനും തടസ്സമായി നിന്ന കേതനെ ഒഴിവാക്കാനായിരുന്നു ഈ ക്രൂരകൃത്യം ചെയ്തത്. എന്നാൽ, കൊലപാതകത്തിന് ശേഷം കേതന്റെ വിയോഗത്തിൽ താൻ അതീവ ദുഃഖിതയാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ സിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വ്യാജ സ്റ്റോറിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘എന്റെ ജന്മദിനത്തിൽ നീ എന്നെ തനിച്ചാക്കി പോയി. നമ്മൾ വിവാഹത്തോട് ഇത്രയും അടുത്തിരിക്കുമ്പോൾ എന്തിനാണ് നീ ഇത് എന്നോട് ചെയ്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒത്തിരി സ്വപ്നങ്ങളുണ്ടായിരുന്നു, ഇനി ഒരിക്കലും മറുപടി കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും ബാക്കിയാണ്. ഞാൻ നിന്നെ ഇത്രയധികം സ്നേഹിച്ചിട്ടും നീ എന്നെ എന്തിനാണ് വിട്ടുപോയത്? നിന്റെ ആത്മാവിന് ശാന്തി നേരുന്നു,’ എന്നായിരുന്നു സിയ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
കേതനൊപ്പമുള്ള പഴയ ദൃശ്യങ്ങളും ഒരു പ്രണയഗാനവും ചേർത്തായിരുന്നു പ്രതി പോസ്റ്റ് പങ്കുവെച്ചത്. പൊലീസിന്റെ വിശദമായ അന്വേഷണത്തിലാണ് സിയയും ചേതനും കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും ചേർന്നാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്നും തെളിഞ്ഞത്. ജൂൺ 14-ന് കേതനെ വധിക്കാൻ ഇവർ ആദ്യ ശ്രമം നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു. തുടർന്ന് ജൂൺ 18-നാണ് വീണ്ടും കോട്ടയിലെത്തിച്ച് കൃത്യം നടപ്പാക്കിയത്. ഈ ക്രൂരകൃത്യത്തിൽ സിയയുടെ കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായി കേതന്റെ പിതാവ് ആരോപിച്ചു.















































