ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന് തമിഴ്നാട്ടിലേക്ക് വെള്ളം ഒഴുക്കിത്തുടങ്ങി. കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്ത അതിശക്തമായ മഴയെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെയാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനമായത്. തേനി ജില്ലാ കലക്ടറുടെയും തേനി എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായി ഷട്ടറുകൾ തുറന്നത്.
അതേസമയം സാധാരണയായി എല്ലാ വർഷവും ജൂൺ മാസത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന് തമിഴ്നാട്ടിലേക്ക് കൃഷിക്കായി വെള്ളം കൊണ്ടുപോകാറുള്ളത്. എന്നാൽ ഇത്തവണ തുടക്കത്തിൽ കേരളത്തിൽ കാര്യമായ മഴ ലഭിക്കാതെ വന്നതോടെ അണക്കെട്ടിലെ ജലനിരപ്പ് 100 അടിക്ക് താഴേക്ക് പോവുകയും ചെയ്തതോടെയാണ് നടപടി വൈകിയത്. ജൂണിൽ തുറക്കേണ്ടിയിരുന്ന ഷട്ടറുകൾ അണക്കെട്ടിൽ വെള്ളമില്ലാത്തതിനാൽ 56 ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ തുറക്കുന്നത്. എന്നാൽ സമീപ ദിവസങ്ങളിൽ കേരളത്തിൽ ലഭിച്ച ശക്തമായ മഴയിൽ ജലനിരപ്പ് ക്രമമായി ഉയർന്ന് 121 അടിയിൽ എത്തിയതോടെയാണ് തമിഴ്നാട് അണക്കെട്ടിൽ നിന്നും വെള്ളം കൊണ്ടുപോകാൻ ആരംഭിച്ചത്.
തുറന്നുവിട്ട ജലം പ്രധാനമായും തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലേക്കാണ് എത്തിക്കുക. വരും ദിവസങ്ങളിൽ ഏതാണ്ട് 120 ദിവസത്തേക്ക് 200 ഘനയടി വെള്ളമാണ് ഇത്തരത്തിൽ തമിഴ്നാട് കൊണ്ടുപോകുക. കമ്പം, തേനി മേഖലകളിലെ ഏകദേശം 14,000 ഏക്കർ കൃഷിയിടങ്ങളിലേക്കാണ് ഈ ജലം ഉപയോഗപ്പെടുത്തുക. ഇതിനുപുറമെ, മധുര കോർപ്പറേഷനിലെ കുടിവെള്ള ആവശ്യങ്ങൾക്കും ഈ വെള്ളം പ്രയോജനപ്പെടുത്തും.
മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം വൈകിയത് തമിഴ്നാട്ടിലെ കമ്പം, തേനി മേഖലകളിൽ വലിയ ജലക്ഷാമത്തിന് കാരണമാവുകയും കൃഷി പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. ഷട്ടറുകൾ തുറന്നതോടെ ഈ മേഖലയിലെ കൃഷിയിടങ്ങളിൽ അനുഭവപ്പെട്ടിരുന്ന ജലക്ഷാമത്തിന് വലിയൊരു പരിഹാരമാവുകയാണ്. ഇതോടെ തമിഴ്നാട്ടിലെ കർഷകർക്ക് വീണ്ടും കൃഷി പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജനപ്രതിനിധികളും കർഷകരും. 120 ദിവസത്തേക്ക് തമിഴ്നാട് തുടർച്ചയായി വെള്ളം കൊണ്ടുപോകുന്നതിലൂടെ അണക്കെട്ടിലെ ജലനിരപ്പ് ക്രമപ്പെടുത്താൻ കഴിയുമെന്നും, ഇത്തവണ പെരിയാറിലേക്ക് വെള്ളം തുറന്നുവിടേണ്ട സാഹചര്യം ഒഴിവാകുമെന്നുമാണ് നിലവിലെ വിലയിരുത്തൽ.




