ജയ്പൂർ: രാജസ്ഥാനിലെ ജുൻജുനുവിൽ ആർഎസ്എസിനെതിരെ വിഡിയോ ചെയ്ത യുവാവിനെ തല്ലിച്ചതച്ച് പൊലീസ്. ‘ജുൻജുനു എക്സ്പ്രസ്’ എന്ന ഇൻസ്റ്റഗ്രാം പേജ് ഉടമ നവീന്‍ ചൗധരിയെയാണ് പൊലീസ് ലോക്കപ്പിലിട്ട് ക്രൂരമായി തല്ലിച്ചതച്ചത്. ആർഎസ്എസ് കുട്ടികൾക്കിടയിൽ വർഗീയതയുടെയും വിദ്വേഷത്തിന്‍റേയും വിത്ത് പാകുകയാണെന്ന രീതിയിൽ വിമർശനാത്മകമായി ചെയ്ത വിഡിയോ ശനിയാഴ്ച വൈകിട്ടാണ് നവീൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ആർഎസ്എസ് നേതാക്കളുടേതിന് സമാനമായി വസ്ത്രം ധരിച്ചെത്തുകയും നേതാക്കളോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്യുന്ന യുവാക്കളെയും തൊട്ടടുത്ത ബാസ്ക്കറ്റ് ബോൾ കോർട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെയും വിഡിയോ പങ്കുവെച്ചുകൊണ്ടാണ് നവീൻ വിഡിയോ തയ്യാറാക്കിയത്.
‘ഒരു കൂട്ടർ എന്ത് മനോഹരമായാണ് മൈതാനത്ത് സമയം ചിലവിടുന്നതെന്ന് നോക്കൂ…അവർ നാളെ രാജ്യത്തിന് അഭിമാനമായി മാറും. രാജ്യത്തിനായി നിരവധി മെഡലുകൾ അവർ വാരിക്കൂട്ടും. മറ്റൊരു കൂട്ടം വർഗീയതയുടെ വിത്ത് പാകിക്കൊണ്ടിരിക്കുകയാണ്.’ നവീൻ വിഡിയോക്ക് വോയിസ് ഓവർ നൽകി. വിഡിയോക്ക് പിന്നാലെ രാജസ്ഥാൻ സൈബർ പൊലീസ് നവീനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് വിഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം. വിഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇൻസ്റ്റഗ്രാമിലൂടെയും വാട്സ്ആപ്പിലൂടെയും നിരവധി സന്ദേശങ്ങൾ തനിക്ക് ലഭിച്ചിരുന്നെന്ന് നവീൻ പറഞ്ഞു. ‘ഞായറാഴ്ച രാവിലെ 5-10 പൊലീസുകാർ ഞാൻ താമസിക്കുന്ന വീടിന് മുന്നിലെത്തി. രാവിലെ ഒമ്പത് മണി ആയിക്കാണും. ഒരു തീവ്രവാദിയെ പിടികൂടുന്നത് പോലെയാണ് എന്നോടുള്ള അവരുടെ പെരുമാറ്റം.
എന്‍റെ ഫോൺ ആദ്യമേ തട്ടിപ്പറിച്ചെടുക്കുകയും ചെയ്തു’. നവീൻ വ്യക്തമാക്കി. ആർഎസ്എസിനെയും സംഘ്പരിവാറിനെയും കുറിച്ച് നിനക്കെന്തെല്ലാം അറിയാമെന്ന് പൊലീസുകാർ മാറിമാറി ചോദിച്ചെന്നും അരമണിക്കൂറിലേറെ നേരം പൊലീസ് വാഹനത്തിനകത്തിട്ട് തല്ലിച്ചതച്ചെന്നും അയാൾ കൂട്ടിച്ചേർത്തു. 10:30 മുതൽ രാത്രി എട്ട് വരേയ്ക്കും പൊലീസ് തന്നെ തടങ്കലിൽ പാർപ്പിച്ചെന്നും ഫോണിലെ ഗാലറിയൊന്നടങ്കം പരിശോധിച്ചെന്നും അയാൾ പറഞ്ഞു. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ഇയാളെ പൊലീസ് വിട്ടയച്ചത്. വിഡിയോയിലൂടെ നവീൻ പൊതുസമാധാനം തകർക്കാൻ ശ്രമിച്ചെന്ന തരത്തിൽ നിരവധി പരാതികൾ ലഭിച്ചതിനാലാണ് നടപടി സ്വീകരിച്ചതെന്നും ഇത്തരം വിഡിയോകൾ പ്രചരിക്കുന്നതിന് തടയിട്ടുകൊണ്ട് ക്രമസമാധാന പാലനം ഉറപ്പുവരുത്തേണ്ടത് തങ്ങളുടെ ചുമതലയാണെന്നുമായിരുന്നു കോട്ട്വാലി എസ്എച്ച്ഒ ശ്രാവൺ കുമാറിന്‍റെ പ്രതികരണം.






