ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് മുൻ കാമുകിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. രാമഗോണ്ടനഹള്ളി പ്രദേശത്തെ വീട്ടിൽ വ്യാഴാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം ഉണ്ടായത്. 18 കാരന്റെ ആക്രമണത്തിൽ നന്ദിനി ദാസി (18) നാണ് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിനു ശേഷം സ്വയം ജീവനൊടുക്കാൻ ശ്രമിച്ച മുൻ കാമുകനായ ബന്ദെ നവാസിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും ഒരേ സ്വകാര്യ സ്കൂളിൽ പഠിച്ചവരാണെന്നും കഴിഞ്ഞ മൂന്ന് വർഷമായി തമ്മിൽ പരിചയത്തിലുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. ഇതിനിടെ നന്ദിനിയുടെ മാതാപിതാക്കൾ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചു. ഇതേ തുടർന്ന് നവാസ് അസ്വസ്ഥനായിരുന്നു. ഇതിന്റെ പിന്നാലെ ഇയാൾ വീട്ടിലെത്തി യുവതിയോടു വിവാഹാഭ്യർഥന നടത്തുകയായിരുന്നു. ഇതു നിരസിച്ചതോടെയാണ് ആക്രമണം നടത്തിയത്. നന്ദിനിയുടെ കഴുത്ത്, കൈകൾ, തുടകൾ എന്നിവിടങ്ങളിൽ നിരവധി തവണ കുത്തിയ ശേഷം സ്വയം ജീവൻ ഒടുക്കാൻ ശ്രമിച്ചതായും പോലീസ് വ്യക്തമാക്കി.
അതേസമയം സംഭവസമയത്ത് നന്ദിനിയുടെ മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. ആക്രമണത്തിന് മുൻപ് നന്ദിനിയുടെ രണ്ടു ഇളയ സഹോദരങ്ങളെ ഒരു മുറിയിൽ പൂട്ടിയിട്ടതായും തുടർന്ന് ഹാളിൽ വച്ച് ആക്രമണം നടത്തിയതായും പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ നന്ദിനി വീട്ടിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. നിലവിളി കേട്ട അയൽവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പിന്നാലെ പോലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റ നന്ദിനിയെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയാണ്. നവാസ് വൈദേഹി ആശുപത്രിയിൽ ചികിത്സയിലാണ്. നവാസ് വൈറ്റ്‌ഫീൽഡ് പ്രദേശത്ത് ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്നും വർത്തൂർ ടുബറഹള്ളി ഭാഗത്ത് താമസിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.



















































