മലപ്പുറം: മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. മമ്പാട് സ്വദേശിയായ യാഷിക്കിന്റെ മൃതദേഹമാണ് എടവണ്ണ ഭാഗത്തുനിന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ച ഒഴുക്കിൽപ്പെട്ട യുവാവിനായി കഴിഞ്ഞ മൂന്ന് ദിവസമായി തിരച്ചിൽ തുടരുകയായിരുന്നു.
നാലാം ദിവസമായ ഇന്ന് പുലർച്ചെ തിരച്ചിൽ പുനരാരംഭിച്ചതിന് പിന്നാലെയാണ് എടവണ്ണ പാലത്തിന് സമീപം മൃതദേഹം അടിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് കരയ്ക്കെത്തിച്ച മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഓടായിക്കൽ പാലത്തിന് താഴെ യാഷിക് ഒഴുക്കിൽപ്പെട്ടത്. കനത്ത മഴയിൽ പുഴയിലൂടെ ഒഴുകിവന്ന മരത്തടികൾ പിടിക്കാനായി സുഹൃത്തുക്കൾക്കൊപ്പം വെള്ളത്തിലിറങ്ങിയപ്പോഴായിരുന്നു അപകടം. മരത്തടികൾ കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യാഷിക് ശക്തമായ ഒഴുക്കിൽപ്പെട്ടത്.
ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ രണ്ട് ഡിങ്കി ബോട്ടുകൾ ഉപയോഗിച്ച് രാവും പകലും വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. തിരുവാലി, നിലമ്പൂർ ഫയർഫോഴ്‌സ് യൂണിറ്റുകളും ഇആർഎഫ് പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂന്ന് ദിവസത്തെ പ്രതീക്ഷകൾക്കൊടുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.


















































