അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ സിംഹത്തിന്റെ ആക്രമണത്തിൽ 21-കാരൻ കൊല്ലപ്പെട്ടു. അമ്രേലിയിലെ ലുവാരിയ റിസർവ് വനത്തിലാണ് സംഭവം. സൊഹിൽ മേമൻ എന്ന യുവാവാണ് മരിച്ചതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ മേഖലയിൽ സിംഹം മനുഷ്യരെ ആക്രമിക്കുന്ന നാലാമത്തെ സംഭവമാണിത്.
സുഹൃത്തുക്കൾക്കൊപ്പം സിംഹങ്ങളെ കാണാനായി രാത്രിയിൽ വനത്തിനുള്ളിലേക്ക് കടന്നതായിരുന്നു യുവാവ്. ആൺസിംഹവും പെൺസിംഹവും ഇണചേരുന്നത് കണ്ട സംഘം കൂടുതൽ അടുത്തെത്തി ദൃശ്യം കാണാനും ചിത്രങ്ങൾ പകർത്താനുമാണ് ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം.
ഇതിനിടെ യുവാക്കളുടെ സാന്നിധ്യം മൂലം പ്രകോപിതമായ ആൺസിംഹം സൊഹിൽ മേമനെ ആക്രമിക്കുകയായിരുന്നു. യുവാവിനെ വലിച്ചിഴച്ച് വനത്തിനുള്ളിലേക്ക് കൊണ്ടുപോയ സിംഹം കൊലപ്പെടുത്തിയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
ആക്രമണത്തിന് ശേഷം സിംഹം മൃതദേഹത്തിന് സമീപത്തുതന്നെ നിലയുറപ്പിച്ചു. പിന്നാലെ മറ്റ് സിംഹങ്ങളും സ്ഥലത്തെത്തിയതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് സിംഹങ്ങളെ പ്രദേശത്തുനിന്ന് മാറ്റി യുവാവിന്റെ മൃതദേഹം പുറത്തെടുത്തത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.


















































