ബീഹാർ: സുപോൾ ജില്ലയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ചത്ത തേളിനെ കണ്ടെത്തി. അസ്വസ്ത അനുഭവപ്പെട്ടതിനെത്തുടർന്ന് ഭക്ഷണം കഴിച്ച 100 വിദ്യാർഥികൾകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ത്രിവേണീഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ വാർഡ് 10ലുള്ള മിർജാവ മിഡിൽ സ്കൂളിലാണ് സംഭവം. ഉച്ചഭക്ഷണമായി വിളമ്പിയ ഉരുളക്കിഴങ്ങും കടലയും ചേർത്ത കറിയിൽ വിദ്യാർഥികൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ചത്ത തേളിനെ കാണുകയായിരുന്നു.
എന്നാൽ അതിനോടകം തന്നെ നിരവധി കുട്ടികൾ ഭക്ഷണം കഴിച്ചിരുന്നു. കറി കൂട്ടിയ ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ തൊണ്ടയിൽ പുകച്ചിൽ, വയറുവേദന, ഛർദ്ദി, തലകറക്കം, മറ്റ് അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടുകയായിരുന്നു. ചില കുട്ടികൾക്ക് കടുത്ത തളർച്ചയും ചിലർ ബോധരഹിതരാവുകയും ചെയ്തു. തുടർന്ന് സ്കൂൾ അധികൃതർ വിദ്യാർഥികളെ ഉടൻ തന്നെ ത്രിവേണീഗഞ്ച് സബ് ഡിവിഷനൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.

















































