ന്യൂഡൽഹി: സിപിഎം എംപി ജോൺ ബ്രിട്ടാസിനെ ബിജെപി എംപി സുഷ്മിത ദേവ് ‘ലുങ്കിവാല’ എന്ന് വിളിച്ചെന്ന ആരോപണത്തെ തുടർന്ന് രാജ്യസഭയിൽ ബുധനാഴ്ച വൻ പ്രതിഷേധം. സംഭവത്തിൽ സുഷ്മിത ദേവിനെതിരെ ബ്രിട്ടാസ് അവകാശലംഘന പ്രമേയത്തിന് നോട്ടീസ് നൽകി.
തിങ്കളാഴ്ച യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള ബിൽ രാജ്യസഭയിൽ ചർച്ച ചെയ്യുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെയാണ് സുഷ്മിത ദേവ് തന്നെ ‘ലുങ്കിവാല’ എന്ന് ആവർത്തിച്ച് വിളിച്ചതെന്ന് കേരളത്തെ പ്രതിനിധീകരിക്കുന്ന ഇടത് എംപി ബ്രിട്ടാസ് ആരോപിച്ചു. ഇത് വ്യക്തിപരമായ അധിക്ഷേപം മാത്രമല്ലെന്നും ദക്ഷിണേന്ത്യക്കാരുടെ പ്രാദേശികവും സാംസ്കാരികവുമായ വ്യക്തിത്വത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സ്റ്റീരിയോടൈപ്പാണെന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ മലയാളിയും ദക്ഷിണേന്ത്യക്കാരനുമാണെന്നതിൽ അഭിമാനിക്കുന്നു. എന്നാൽ ‘ലുങ്കിവാല’ എന്ന പരാമർശം അംഗീകരിക്കാനാകില്ല. ദക്ഷിണേന്ത്യക്കാരെ സ്റ്റീരിയോടൈപ്പ് ചെയ്യുന്ന ഇത്തരം പരാമർശങ്ങൾ ഒരു പാർലമെന്റ് അംഗത്തിന് ചേർന്നതല്ല,” ബ്രിട്ടാസ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ബുധനാഴ്ച രാജ്യസഭ ചേർന്നപ്പോൾ ചെയർമാൻ സി.പി. രാധാകൃഷ്ണൻ ബ്രിട്ടാസിന് സംസാരിക്കാൻ അവസരം നൽകിയതോടെയാണ് വിഷയം സഭയിൽ ഉന്നയിച്ചത്. പാർലമെന്ററി ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനിടെ ഒരു “ബഹുമാനപ്പെട്ട അംഗം” തന്നെ അപമാനിച്ചെന്ന് ബ്രിട്ടാസ് പറഞ്ഞു.
“വാക്കുതർക്കം സ്വാഭാവികമാണ്. നമ്മൾ പരസ്പരം ഏറ്റുമുട്ടാറുണ്ട്. എന്നാൽ അവർ എന്നെ ആവർത്തിച്ച് ‘ലുങ്കിവാല’ എന്ന് വിളിച്ചു,” ബ്രിട്ടാസ് സഭയിൽ പറഞ്ഞു. ഇതിന് പിന്നാലെ പ്രതിപക്ഷ എംപിമാർ ബ്രിട്ടാസിന് പിന്തുണയുമായി രംഗത്തെത്തി. അതേസമയം, നടപടി സ്വീകരിക്കുന്നതിന് മുമ്പ് സുഷ്മിത ദേവിന്റെ ഭാഗവും കേൾക്കണമെന്ന് ഭരണപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.
പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വിഷയത്തിൽ ഇടപെട്ടു. സഭയിലെ എല്ലാ അംഗങ്ങളും തുല്യരാണെന്നും ആക്ഷേപകരമായ പരാമർശമുണ്ടായെങ്കിൽ അത് ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. “നമ്മളെല്ലാവരും തുല്യ ഇന്ത്യക്കാരാണ്. ആക്ഷേപകരമോ, രാജ്യത്തിന്റെ സ്വഭാവത്തിന് നിരക്കാത്തതോ ആയ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ, അംഗങ്ങളെ വിളിച്ചുവരുത്തി ഇരുവശവും കേട്ടശേഷം ചെയർമാൻ തീരുമാനമെടുക്കണം,”- റിജിജു പറഞ്ഞു.
ഇതിനിടെ സഭാധ്യക്ഷനും വിഷയത്തിൽ ഇടപെട്ടു. ചില സന്ദർഭങ്ങളിൽ അന്തസിന് നിരക്കാത്ത പരാമർശങ്ങളും സഭയിലെ തടസപ്പെടുത്തലുകളും തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഹഅംഗങ്ങളുടെ വികാരങ്ങളെയും മനോഭാവങ്ങളെയും വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം അംഗങ്ങളോട് നിർദേശിച്ചു.
ഇന്ത്യയുടെ സംസ്കാരം വൈവിധ്യ പൂർണമാണെന്നും വിവിധ പ്രാദേശിക സംസ്കാരങ്ങളെ ഉൾക്കൊള്ളുന്നതാണെന്നും അതിനാൽ ഒരു പ്രദേശത്തെയോ സംസ്കാരത്തെയോ അപമാനിക്കരുതെന്നും ചെയർമാൻ വ്യക്തമാക്കി. ഇരു അംഗങ്ങളെയും തന്റെ ചേംബറിലേക്ക് വിളിച്ച് വിഷയം പരിഹരിക്കാമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ പ്രതിഷേധം തുടർന്നതോടെ രാജ്യസഭ ഉച്ചയ്ക്ക് രണ്ടുവരെ പിരിഞ്ഞു. താൻ നൽകിയ പരാതിയിൽ ചെയർമാനും പ്രിവിലേജ് കമ്മിറ്റി അംഗങ്ങളും ഗൗരവമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്രിട്ടാസ് പ്രതികരിച്ചു. അതേസമയം തൃണമൂൽ കോൺഗ്രസിൽ നിന്ന് കൂറുമാറി ബിജെപിയിൽ എത്തിയ നേതാവാണ് സുഷ്മിത ദേവ്.
‘കുറുക്കുവഴികൾ തേടി പോകരുത്; ഇഷ്ടപ്പെട്ട വ്യക്തികളുടെ ആത്മകഥകൾ വായിക്കണം‘:യുവാക്കളോട് പ്രധാനമന്ത്രി






